രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ജെ എൻ.1 വകഭേദമാണെന്നും, അതിൻ്റെ ഉപവകഭേദങ്ങളായ എൻ ബി.1.8.1, എൽ എഫ്.7 എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് 4,302 കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ (1,373 പേർ). തൊട്ടുപിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്. രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി ഉയർന്നിട്ടുണ്ട്. സാധ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

