ഇടവകാംഗമായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പള്ളി വികാരിയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഫാദര്‍ എഡ്വിൻ ഫിഗറസിന്റെ ശിക്ഷയാണ് മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവിൽ പകുതിയോളം പ്രതിയായ ഫാദര്‍ എഡ്വിൻ ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ് ഇളവ്. ശിക്ഷയ്ക്കെതിരായ അപ്പീലിൽ അന്തിമ തീർപ്പാവുന്നതുവരെ വൈദികനെ കോടതി ജാമ്യത്തിൽ വിട്ടു.
തൃശൂർ ജില്ലയിലെ പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. 2014–2015 കാലയളവില്‍ ഫാ. എഡ്വിൻ ഫിഗറസ് എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചുവെന്നതാണ് കേസ്. ഇതിൽ എറണാകുളം പോക്സോ കോടതി ഫാ. എഡ്വിൻ ഫിഗറസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും കേരള ഹൈക്കോടതി ഈ ശിക്ഷ 20 വർഷം കഠിന തടവായി കുറച്ചിരുന്നു. സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി വി സുരേന്ദ്രനാഥും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദും ശിക്ഷയില്‍ ഇളവ് നല്‍കുന്നതന് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു.

