Site iconSite icon Janayugom Online

ഭരണസമിതിയുടെ കാലാവധി അവസാനിച്ചു; തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ.
ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചുമതല. 

ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ തീരുമാനമായിട്ടില്ല.

Exit mobile version