Site icon Janayugom Online

മൂന്നാം തരംഗം അവസാനിക്കുന്നു; നിയന്ത്രണങ്ങളില്‍ ഇളവുകളുമായി സംസ്ഥാനങ്ങള്‍

രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയായി. പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനവും രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. 96.5 ശതമാനം പേര്‍ ഒരുഡോസ് എങ്കിലും വാക്സിന്‍ സ്വീകരിച്ചവരുമാണെന്നും അദ്ദേഹം അറിയിച്ചു. ആകെ 175.03 കോടി വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിയിട്ടുള്ളത്.

പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നലെയും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 14 ശതമാനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി. ഡിസംബര്‍ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 98 ശതമാനമാണ് രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്. 325 പേരുടെ മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണ നിരക്ക് 5,11,230 ആയി. 

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അവസാനിക്കുന്നതായാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍. കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിരിക്കുന്നതായി നിതി ആയോഗ് അംഗം വി കെ പോള്‍ പറഞ്ഞു. ഇത് മൂന്നാം തരംഗം അവസാനിച്ചതാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ പ്രായക്കാര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ വിദഗ്ധ സംഘത്തിന്റെ അഭിപ്രായംകൂടി കണക്കിലെടുത്ത് ഉടന്‍ തീരുമാനമുണ്ടായേക്കും. അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

Eng­lish Summary:The third wave ends; States with exemp­tions from restrictions
You may also like this video

Exit mobile version