ഇന്ത്യയും യുഎസുമായുള്ള വ്യാപാര കരാറില്‍, യുഎസ് കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ തീരുവാരഹിത പ്രവേശനം നല്‍കാനുള്ള തീരുമാനം വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ മറച്ചുവച്ചു. ഫെബ്രുവരി ഏഴിന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം ബോധപൂര്‍വം ഒഴിവാക്കിയത്. അതേസമയം മന്ത്രിയുടെ കൈവശമുണ്ടായിരുന്ന കുറിപ്പുകളില്‍ തീരുവാരഹിത കാർഷികവിപണി പരാമർശിച്ചിരുന്നു.
ഒരു മണിക്കൂറിലധികം നീണ്ട വാര്‍ത്താസമ്മേളനത്തിൽ, പിയൂഷ് ഗോയൽ രണ്ട് പ്രധാന ചോദ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുടെ എണ്ണ വ്യാപാരം നിരീക്ഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനോട് ഇന്ത്യ എങ്ങനെ സമ്മതിച്ചു എന്ന ചോദ്യത്തിന്, വിദേശകാര്യ മന്ത്രാലയം ഉത്തരം നൽകുമെന്ന് ഗോയൽ പറഞ്ഞു. കാർഷിക കരാര്‍ എന്തായിരുന്നു എന്ന കാര്യത്തിൽ, ഗോയൽ വ്യക്തമായ മറുപടി നൽകിയില്ല.
എന്നാല്‍ കാമറകളിൽ പതിഞ്ഞ അദ്ദേഹത്തിന്റെ ബ്രീഫിങ് കുറിപ്പുകളിൽ, ‘ഇന്ത്യ കാലിബ്രേറ്റഡ് ഓപ്പൺ ഓഫ് അഗ്രികൾച്ചർ’ എന്ന് വ്യക്തമായി എഴുതിയിരുന്നു. ഒപ്പം ‘ഉല്പാദകരുടെയും കർഷകരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നു’ എന്ന മറ്റൊരു വാചകം കൂടി ദൃശ്യമാണ്. എന്നാൽ കാർഷിക മേഖല തുറന്നുകൊടുക്കുമെന്ന ഈ നിർണായക വശം മന്ത്രി പരാമർശിച്ചില്ല. ഒരു ഘട്ടത്തിൽ, മാധ്യമപ്രവർത്തകർക്ക് കാണാൻ വേണ്ടി മന്ത്രി തന്റെ ബ്രീഫിങ് നോട്ടിലെ ഷീറ്റ് ഉയർത്തിപ്പിടിച്ച് പറഞ്ഞു — “അമേരിക്കയുമായുള്ള ഈ കരാർ ഇന്ത്യൻ കർഷകരെയും കരകൗശല വസ്തുക്കളെയും ചെറുകിട ബിസിനസുകളെയും ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.”
കൃഷിയെ സംരക്ഷിക്കാതെ അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങിയെന്ന പ്രതിപക്ഷത്തിന്റെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നതിനാലാവണം, കേന്ദ്രമന്ത്രി ഇക്കാര്യം മറച്ചുവച്ചത്. വീക്ഷിത് ഭാരതിനെക്കുറിച്ചുള്ള ഉറപ്പുകളെയും മറ്റ് പ്രഖ്യാപനങ്ങളെയും കുറിച്ച് സംസാരിച്ച മന്ത്രി എന്തുകൊണ്ടാണ് ഇത് ഒഴിവാക്കിയതെന്ന ചോദ്യം പ്രാധാന്യമർഹിക്കുന്നു.
യുഎസ്-ഇന്ത്യ സംയുക്ത പ്രസ്താവന വൈറ്റ് ഹൗസ് പരസ്യപ്പെടുത്തുന്നതിന് മുമ്പുതന്നെ യുഎസ് കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് കരാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. “പുതിയ യുഎസ്-ഇന്ത്യ കരാർ പ്രകാരം കൂടുതൽ അമേരിക്കൻ കാർഷികോല്പന്നങ്ങൾ ഇന്ത്യയുടെ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും വില ഉയർത്തുകയും ഗ്രാമീണ അമേരിക്കയിലേക്ക് പണം പമ്പ് ചെയ്യുകയും ചെയ്യും. 2024ൽ, ഇന്ത്യയുമായുള്ള അമേരിക്കയുടെ കാർഷിക വ്യാപാര കമ്മി 130 കോടി യുഎസ് ഡോളറായിരുന്നു. ഇന്ത്യയുടെ വർധിച്ചുവരുന്ന ജനസംഖ്യ അമേരിക്കൻ കാർഷികോല്പന്നങ്ങൾക്ക് ഒരു പ്രധാന വിപണിയാണ്, ഇന്നത്തെ കരാർ ഈ കമ്മി കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും” — അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ വർഷം, കർഷക ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും ഉൾപ്പെടുന്ന ഇന്ത്യൻ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഫാർമേഴ്‌സ് മൂവ്‌മെന്റ്‌സ് (ഐസിസിഎഫ്എം), ഇന്ത്യൻ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി യുഎസ് വ്യാപാര കരാറിൽ നിന്ന് കാർഷിക മേഖലയെ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കരാർ പ്രകാരം യുഎസ് കാർഷികോല്പന്നങ്ങൾക്ക് തീരുവാരഹിത പ്രവേശനം നൽകുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഗോയലിന് അയച്ച കത്തിൽ ഐസിസിഎഫ്എം മുന്നറിയിപ്പ് നൽകിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ കാർഷിക സബ്‌സിഡി നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് യുഎസ് എന്നതിനാൽ ഇന്ത്യൻ കർഷകർക്ക് ഉണ്ടാകുന്ന അപകടസാധ്യത വളരെ വലുതാണെന്ന് ഐസിസിഎഫ്എം പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ 2024ലെ യുഎസ് ഫാം ബിൽ സ്വന്തം കർഷകർക്ക് കാർഷിക സബ്‌സിഡികൾക്കായി 1.5 ലക്ഷം കോടി യുഎസ് ഡോളർ അനുവദിച്ചു.
അമേരിക്കൻ കാർഷിക ഉല്പന്നങ്ങൾ ഇന്ത്യയിലേക്ക് കടത്തിവിടുന്നതിനെക്കുറിച്ചുള്ള നിലപാട് സംയുക്ത കിസാൻ മോർച്ചയും വ്യക്തമാക്കിയിട്ടുണ്ട്. “യുഎസിൽ ഏകദേശം എട്ട് ലക്ഷം കർഷകർക്ക് വലിയ തോതിൽ സബ്‌സിഡി ലഭിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിലും കോടിക്കണക്കിന് കർഷകരുണ്ട്, മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്‌പി) എന്ന ഉറപ്പായ നിയമം ഞങ്ങൾ ആവശ്യപ്പെടുന്നു. യുഎസ് ഉല്പന്നങ്ങൾ രാജ്യത്ത് എത്തിച്ചാൽ, നമ്മുടെ കർഷകർ എന്നെന്നേക്കുമായി ഇല്ലാതാകും.” ഓൾ ഇന്ത്യൻ കിസാൻ ഫെഡറേഷൻ പ്രസിഡന്റ് പ്രേം സിങ് ഭാംഗു പറഞ്ഞു.
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും കാര്‍ഷിക മേഖല യാതൊരു ഭീഷണിയും നേരിടുന്നില്ല എന്ന് പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു
യുഎസ് കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രമന്ത്രി മറച്ചുവച്ചു

