പ്രതിരോധം, ആരോഗ്യം, കാലാവസ്ഥാ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യുഎസും വിവിധ കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും താൽപ്പര്യമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബെെഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സെമി കണ്ടക്ടറുകൾ മുതൽ ബഹിരാകാശ ഗവേഷണം വരെയുള്ള മേഖലകളിൽ യുഎസിലെ പ്രമുഖ കമ്പനികളുമായി ധാരണയായി.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോൺ, ഗൂഗിൾ, മെെക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ ഇന്ത്യയിൽ വലിയ നിക്ഷേപങ്ങൾ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഏഴു വർഷത്തിനുള്ളിൽ രാജ്യത്ത് 15 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ മൊത്തം നിക്ഷേപം 26 ബില്ല്യൺ ഡോളറായി ഉയരും. 2025-ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് ആമസോൺ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. സമാന പ്രഖ്യാപനങ്ങള്‍ ഗൂഗിളും മെെക്രോസ്ഫോറ്റും നടത്തിയിട്ടുണ്ട്.
ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഗുജറാത്തിൽ ആരംഭിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഇന്ത്യയിലെ അർധചാലക വ്യവസായമേഖലയിൽ അമേരിക്കൻ കമ്പനികൾ ഏതാണ്ട് 25,000 കോടിയുടെ നിക്ഷേപം നടത്താൻ ധാരണയായി. മൈക്രോൺ ടെക്നോളജി, അപ്ലൈഡ് മെറ്റീരിയൽസ് ലാം റിസർച്ച് എന്നീ കമ്പനികളാണ് നിക്ഷേപം നടത്തുക. ഇന്ത്യയിലെ 60,000 ഹൈടെക് എൻജിനിയർമാർക്ക് അർധചാലക മേഖലയിൽ ലാം റിസർച്ച് പരിശീലനം നൽകും. യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്കൽസും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡും (എച്ച്എഎൽ) സംയുക്തമായി ഇന്ത്യയിൽ യുദ്ധവിമാന എൻജിൻ നിർമിക്കാൻ കരാറായി. 2025-ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആർട്ടെമിസ് കരാറിലും ഇന്ത്യ ഭാഗമാകും.
english summary;The US and India have agreed to cooperate in various fields
you may also like this video;