രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടാനുള്ള വേതന കുടിശിക 5000 കോടിയിലധികം രൂപ. മാസങ്ങളായി വേതനം ലഭിക്കാതെ വന്നതോടെ തൊഴിലാളികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വേതന കുടിശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ അഞ്ച് കോടിയിലധികം തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കായി തുച്ഛമായ തുക മാത്രമാണ് വകയിരുത്തിയതെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം പകുതിയായപ്പോള്‍ തന്നെ പദ്ധതി വിഹിതത്തിലെ ഭൂരിപക്ഷം തുകയും വിനിയോഗിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ പദ്ധതി പ്രകാരം ഉറപ്പു നല്‍കിയ 100 ദിവസം ജോലി തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ അഞ്ച് മാസം ഉള്ളപ്പോള്‍ തന്നെ പദ്ധതിയ്ക്കായി അനുവദിച്ചതിന്റെ 90 ശതമാനം തുകയും വിനിയോഗിച്ചു കഴിഞ്ഞുവെന്ന് തൊഴിലുറപ്പ് സംഘടനയായ എന്‍ആര്‍ഇജിഎ സംഘര്‍ഷ് മോര്‍ച്ച പറയുന്നു. ഈ വര്‍ഷം നവംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 3.46 കോടിയുടെ ഇടപാടിന് കേന്ദ്രത്തില്‍ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്രം വകയിരുത്തിയത് 73,000 കോടി രൂപയാണ്. 2020–21 വര്‍ഷത്തില്‍ വകയിരുത്തിയ 1.11 ലക്ഷം കോടിയേക്കാള്‍ 35 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷത്തില്‍ ആദ്യം അനുവദിച്ചത് 61,500 കോടിയായിരുന്നെങ്കിലും പിന്നീടിത് 1.11 ലക്ഷം കോടിയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള തൊഴിലുറപ്പ് വേതന വിഹിതത്തില്‍ ഏറ്റവുമധികം കുടിശിക ലഭിക്കാനുള്ള സംസ്ഥാനം തമിഴ്‌നാടാണ്, 1393.5 കോടി. പശ്ചിമ ബംഗാള്‍ (1045.7), ആന്ധ്ര പ്രദേശ് (801.5), കര്‍ണാടക (420), കേരള (348), മധ്യപ്രദേശ് (279), ബിഹാര്‍ (268) കോടികള്‍ വീതമാണ് ലഭിക്കാനുള്ളത്. ഈ മാസം 15 വരെ കുടിശിക ഇനത്തില്‍ 19 സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിക്കേണ്ട ആകെ തുക 5093.95 കോടിയാണ്.
അതേസമയം ജാതി അടിസ്ഥാനത്തില്‍ വേതനം നല്‍കണമെന്ന കേന്ദ്രത്തിന്റെ ഉത്തരവാണ് വേതന കുടിശിക വര്‍ധിച്ചതിന്റെ പ്രധാന കാരണമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങളില്‍ ജാതീയ സംഘര്‍ഷങ്ങളും ഉടലെടുത്തു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഭാഗത്തു നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വിവാദ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
english summary;The wage arrears owed to the country’s guaranteed workers are Rs 5,000 crore
you may also like this video;