Site iconSite icon Janayugom Online

ഗഗൻയാൻ ദൌത്യത്തിനായി ലോകം മുഴുവൻ കാത്തിരിക്കുന്നു; പ്രധാനമന്ത്രിയോട് ശുഭാൻശു ശുക്ല

ഇന്ത്യയുടെ ഗഗൻയാൻ ദൌത്യത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്നും അതിൻറെ ഭാഗമാകാൻ ശാസ്ത്രജ്ഞന്മാർ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞു. 

തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ആക്സിയം-4 ദൌത്യവുമായി ബന്ധപ്പെട്ട് നടത്തിയ ബഹിരാകാശ യാത്ര മൈക്രോ ഗ്രാവിറ്റി അവസ്ഥകളുമായുള്ള പൊരുത്തപ്പെടൽ, ഓർബിറ്റൽ ലാബിൽ താൻ നടത്തിയ പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും ശുക്ല പങ്കുവച്ചു. 

ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ശുക്ല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ”ഇന്ത്യയുടെ ഗഗൻയാൻ ദൌത്യത്തെക്കുറിച്ചറിയാൻ ആളുകൾ ആവേശഭരിതരാണ്. എൻറെ പല ക്രൂ അംഗങ്ങളും ഗഗൻയാൻ ദൌത്യത്തിൻറെ വിക്ഷേപണത്തെക്കുറിച്ചറിയാൻ ആഗ്രഹിച്ചിരുന്നുവെന്നും ശുക്ല പറഞ്ഞു.

ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൌത്യത്തിനായി 40–50 പേരടങ്ങുന്ന ബഹിരാകാശ സഞ്ചാരികൾ തയ്യാറാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

ഐഎസ്എസിലേക്കുള്ള തൻറെ ദൌത്യം ഇന്ത്യയുടെ ബഹിരാകാശ ദൌത്യങ്ങൾക്ക് സഹായകമാകുമെന്നും മോദി ശുക്ലയോട് പറഞ്ഞു. 

2027 ൽ ഇന്ത്യ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര നടത്താനും 2035 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കാനും പദ്ധതിയിടുന്നു. 2040 ഓടെ ചന്ദ്രനിൽ സ്വന്തം ബഹിരാകാശയാത്രികനെ ഇറക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്.

Exit mobile version