Site iconSite icon Janayugom Online

വനിതാ സംവരണ നിയമം ഉടൻ നടപ്പാക്കണം; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന നിയമം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. മണ്ഡല പുനർനിർണയത്തിന് കാത്തുനിൽക്കാതെ നിയമം ഉടൻ നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം 48 ശതമാനത്തോളം വരുന്ന സ്ത്രീകളാണെന്നും, ഇത് അവരുടെ രാഷ്ട്രീയ സമത്വത്തിൻ്റെ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും വനിതകൾക്ക് പ്രാതിനിധ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്ന് ജയ താക്കൂറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു. 

സംവരണം നടപ്പാക്കാനുള്ള ഉപാധിയായി സെൻസസ് നടത്തി മണ്ഡല പുനർനിർണയം നടത്തണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. പുനർനിർണയം എന്ന് നടക്കുമെന്ന് ആരാഞ്ഞ കോടതി, നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ടെന്ന് ഓർമിപ്പിച്ചു. പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം ചേർന്ന് പാസാക്കിയ ‘നാരി ശക്തി വന്ദൻ അധിനിയമത്തിന്’ 2023 സെപ്റ്റംബർ 28നാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള ആകെ സീറ്റുകളിൽ മൂന്നിലൊരു ഭാഗം വനിതകൾക്കായി സംവരണം ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്.

Exit mobile version