Site iconSite icon Janayugom Online

ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിന് ഇന്ന് തുടക്കം; വലനിറയെ ആശങ്കകള്‍

ലോക വ്യാപാര സംഘടനയുടെ 13-ാമത് മന്ത്രിതല സമ്മേളനം അബുദാബിയിൽ ഇന്ന് ആരംഭിക്കാനിരിക്കെ കര്‍ഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ആശങ്കയില്‍. മത്സ്യാനുബന്ധ സബ്‌സിഡികളുടെ നിയന്ത്രണം സംബന്ധിച്ച അധിക വ്യവസ്ഥകൾ, ഇ‑കൊമേഴ്‌സിലെ വർക്ക് പ്രോഗ്രാം, കൃഷിയെക്കുറിച്ചുള്ള കരട് വാചകം എന്നിവയിലാണ് പ്രധാന ആശങ്കകൾ. സബ്‌സിഡികളും റേഷൻ സംവിധാനവും ഭക്ഷ്യസുരക്ഷയും ഇല്ലാതാകുന്ന രീതിയിലുള്ള പരിഷ്കരണങ്ങളാണ് ഡബ്ല്യുടിഒ ലക്ഷ്യമിടുന്നതെന്ന് വിവിധ സംഘടനകള്‍‍ ചൂണ്ടിക്കാട്ടുന്നു.

അമിത മത്സ്യബന്ധനത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യബന്ധന സബ്‌സിഡികൾ നിയന്ത്രിക്കുന്ന ആഗോള കരാർ നടപ്പാക്കുക സമ്മേളനത്തിലെ പ്രധാന അജണ്ടകളിലൊന്നാണ്. കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി ഇന്ത്യക്കുമേല്‍ വികസിത രാജ്യങ്ങളുടെ സമ്മര്‍ദമുണ്ട്. ഇന്ത്യ ആവശ്യപ്പെടുന്ന രീതിയില്‍ വികസ്വര രാജ്യങ്ങളെ 25 വർഷത്തേക്ക് ഒഴിവാക്കിയാൽ അത് കരാറിന്റെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്തുമെന്ന് ഡബ്ല്യുടിഒ അധികൃതര്‍ പറയുന്നു. വികസിത രാജ്യങ്ങള്‍ക്ക് ആഴക്കടൽ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായതിനാൽ നിർദേശം അംഗീകരിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ മത്സ്യമേഖലയിൽ ഗുരുതരമായ തിരിച്ചടികൾക്ക് ഇടയാക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു.

പല രാജ്യങ്ങളും ഈ മേഖലയിൽ വൻ മുന്നേറ്റം നടത്തിയെങ്കിലും ആഴക്കടൽ മത്സ്യബന്ധനം ഇന്ത്യയിൽ ഇപ്പോഴും ശൈശവാവസ്ഥയിലാണ്. ഇപ്പോള്‍ ഡബ്ല്യുടിഒയിലൂടെ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈന, യൂറോപ്യൻ യൂണിയൻ, യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയാണ് ഏറ്റവും കൂടുതല്‍ മത്സ്യബന്ധന സബ്സിഡികള്‍ നല്‍കുന്ന അഞ്ച് രാജ്യങ്ങള്‍. ആഗോള സബ്‌സിഡിയുടെ 58 ശതമാനവും ഈ രാജ്യങ്ങളിലാണ്. ചൈനയുടെ സബ്‌സിഡിയുടെ മൂന്നിൽ രണ്ട് ഭാഗവും മത്സ്യബന്ധന ശേഷി വർധിപ്പിക്കുന്നതിനുള്ളതാണ്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും വന്‍തോതില്‍ മത്സ്യങ്ങളെ വാരാന്‍ കഴിയുന്ന തരത്തിലുള്ള വലിയ കപ്പലുകളും ഉപകരണങ്ങളും ഉപയോഗിക്കാന്‍ ഇത് പ്രാപ്തമാക്കുന്നു.

ഇത്തരം വിദേശ കപ്പലുകള്‍ ഇന്ത്യയിലെ പരമ്പരാഗത മത്സത്തൊഴിലാളികളെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പരമ്പരാഗത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നിലനില്പിനായി സബ്‌സിഡികളെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇന്ധന സബ്‌സിഡിക്ക് പുറമെ മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായവും വായ്പകളുമെല്ലാം നിലയ്ക്കുന്ന അവസ്ഥയിലേക്കായിരിക്കും ഡബ്ല്യുടിഒ കരാര്‍ എത്തിക്കുക. ഇപ്പോള്‍ത്തന്നെ വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്കും ഇന്ത്യയിലെ തന്നെ വന്‍കിട ട്രോളറുകള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്ന നയസമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്.

കേന്ദ്രം ഉയര്‍ത്തിക്കാട്ടുന്ന ബ്ലൂ ഇക്കോണമി നയവും കടലോരത്ത് കരിനിഴൽ പടര്‍ത്തുന്നതാണ്. ആഴക്കടലിലെ മത്സ്യ സമ്പത്ത് പിടിച്ചെടുക്കുന്നതിനും, ധാതുസമ്പത്തുകൾ ചൂഷണം ചെയ്യുന്നതിനും കുത്തകകൾക്ക് അനുവാദവും പ്രോത്സാഹനവും നൽകുന്ന നയത്തിനെതിരെയും മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

കര്‍ഷകസംഘടനകള്‍ പ്രതിഷേധം ശക്തമാക്കും

ഭക്ഷ്യസുരക്ഷയെയും കർഷകരുടെ താല്പര്യങ്ങളെയും ഹനിക്കുന്ന തീരുമാനങ്ങളിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെടുന്നു. ഇന്ത്യ ഡബ്ല്യുടിഒയിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് എസ്‌കെഎം രാജ്യവ്യാപകമായി സമരം നടത്തുന്നുണ്ട്. അതേസമയം എസ്‌കെഎം (രാഷ്ട്രീയേതര വിഭാഗം) തങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനും സമാന്തര സെഷനുകളിൽ പങ്കെടുക്കാനും മൂന്നംഗ പ്രതിനിധി സംഘത്തെ അബുദാബിയിലേക്ക് അയച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: The WTO Min­is­te­r­i­al Con­fer­ence begins today
You may also like this video

Exit mobile version