ബസിനുള്ളില്‍ വച്ച് തന്നെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചു എന്നാരോപിച്ച് യുവതി പങ്കുവച്ച വീഡിയോ വൈയറാലായതിന് പിന്നാലെ യുവാവ് ജിവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു ദീപക് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. വീഡിയോ വൈറലായതിന് പിന്നാലെ ദീപക്കുമായി വടകര പൊലീസ് സംസാരിച്ചുവെന്ന് സൂചനകളുണ്ട്. ബസിൽ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇട്ടതിന് പിന്നാലെ 23 ലക്ഷം പേര്‍ വീഡിയോ കണ്ടിരുന്നു. എന്നാല്‍ നിരവധി പേര്‍ പെണ്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. റീച്ച് കിട്ടാൻ വേണ്ടി ഒരാളുടെ ജീവൻ വിലകൊടുത്തു എന്നായിരുന്നു പലരുടേയും വിമര്‍ശനം.

