നാട്ടുകാരെ ഇരുട്ടിലാക്കി കെഎസ്ഇബിയോട് പ്രതികാരം തീര്‍ത്ത് യുവാവ്. കാസര്‍കോട് ചൂരി സ്വദേശി മുഹമ്മദ് മുനവിറാണ് വിചിത്രമായ പ്രതികാരവുമായി നാടിനെ ബുദ്ധിമുട്ടിലാക്കിയത്.
കഴിഞ്ഞ ദിവസം ബില്‍ കുടിശിക കെട്ടിവയ്ക്കാത്തതിനാല്‍ മുനവിറിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ചിരുന്നു. 22,000 രൂപയായിരുന്നു ഇയാളുടെ കഴിഞ്ഞമാസത്തെ വൈദ്യുതി ബില്‍. ഈ മാസം 12നായിരുന്നു പണം അടയ്ക്കാനുള്ള അവസാന തീയതി. ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ട് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസര്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 15ന് രാവിലെ മുഹമ്മദ് മുനവറിന്റെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാര്‍ ഫ്യൂസ് ഊരുന്നതിനു പകരം വൈദ്യുതിതൂണില്‍ നിന്നുള്ള കണക്ഷന്‍ വിഛേദിച്ചു. വൈകിട്ട് ബില്ലടയ്ക്കാന്‍ മുനവിര്‍ കെഎസ്ഇബി ഓഫിസിലെത്തിയെങ്കിലും പ്രവൃത്തിസമയം കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നും വാക്കേറ്റമുണ്ടായി.
വൈദ്യുതി മുടങ്ങിയതായി പരാതിപ്പെട്ട് പ്രദേശത്തുനിന്നും നിരവധി ഫോണ്‍ കോള്‍ എത്തിയതായി ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാന്‍സ്ഫോമറുകളുടെയും ഫ്യൂസുകള്‍ ഊരിയെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവാവിനെ തടയാന്‍ ശ്രമിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. അമ്പതോളം ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസാണ് ഇയാള്‍ തകര്‍ക്കുകയും ഊരിയെടുക്കുകയും ചെയ്തത്. നാലുമണിക്കൂറോളമാണ് പ്രദേശത്ത് വൈദ്യുതി തടസം അനുഭവപ്പെട്ടു.
ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കെഎഎസ്ഇബിക്കുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ മുഹമ്മദ് മുനവിറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

