Site iconSite icon Janayugom Online

യുവതി കാത്തിരുന്നത് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക്; പാഴ്സൽ തുറന്നപ്പോൾ അജ്ഞാത മൃതദേഹവും ഭീഷണിക്കത്തും

വീട് നിർമാണത്തിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി കാത്തിരുന്ന യുവതിക്ക് പാഴ്സലായി ലഭിച്ചത് അജ്ഞാത മൃതദേഹവും ഭീഷണി കത്തും. ആന്ധ്രാ പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം. നാഗ തുളസി എന്ന സ്ത്രീക്കാണ് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്. നാഗ തുളസി എന്ന സ്ത്രീ വീട് നിർമിക്കാൻ സഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ നൽകിയിരുന്നു. സമിതി യുവതിക്ക് ടൈൽസ് അയച്ചു. വീട് നിർമ്മാണത്തിന് കൂടുതൽ സഹായത്തിനായി സ്ത്രീ വീണ്ടും ക്ഷത്രിയ സേവാ സമിതിയെ സമീപിച്ചു.

വൈദ്യുതി ഉപകരണങ്ങൾ നൽകാമെന്ന് സമിതി ഉറപ്പു നൽകിയിരുന്നു. ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയ സാധനങ്ങൾ നൽകാമെന്ന് നാഗ തുളസിക്ക് വാട്‌സ്ആപ്പിൽ സന്ദേശം ലഭിച്ചു. വ്യാഴാഴ്ച രാത്രി നാഗ തുളസിയുടെ വീട്ടിൽ ഒരാൾ പെട്ടി എത്തിച്ചു. അതിൽ വൈദ്യുതോപകരണങ്ങൾ ഉണ്ടെന്ന് അറിയിച്ച ശേഷം പോയി. തുളസി പിന്നീട് പാഴ്‌സൽ തുറന്ന് നോക്കിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടത്. 1.3 കോടി നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന കത്തും പാഴ്സലിലുണ്ടായിരുന്നു. തുടർന്ന് യുവതിയും കുടുംബവും പരിഭ്രാന്തരായി പൊലീസിൽ വിവരമറിയിച്ചു, അവർ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

ജില്ലാ പൊലീസ് സൂപ്രണ്ട് അദ്‌നാൻ നയീം അസ്മി സംഭവ സ്ഥലത്തെത്തി. പാഴ്‌സൽ എത്തിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ക്ഷത്രിയ സേവാ സമിതി പ്രതിനിധികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് പാഴ്‌സലിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാലോ അഞ്ചോ ദിവസം മുമ്പ് മരിച്ചതാകാമെന്നാണ് നിഗമനം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപ്പെടുത്തിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കാണാതായ ആളുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. 

Exit mobile version