കോൺഗ്രസിന് മുൻപ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം. സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷിനെ കൊടുങ്ങല്ലൂരിലും ദേശീയ സെക്രട്ടറി അബിൻ വർക്കിയെ ആറന്മുളയിലും സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരിലും മത്സരിപ്പിക്കണമെന്നാണ് കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിൽ ആവശ്യം ഉയർന്നത്. 16 സീറ്റുകളിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകാനും യോഗം തീരുമിനിച്ചു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് പകരക്കാരനായി ജില്ലാ പ്രസിഡന്റ് കെ എസ് ജയാഘോഷിനെയും ചേലക്കരയിൽ ശ്രീലാൽ ശ്രീധറിനെയും കായംകുളത്ത് അരിത ബാബുവിനെയും, നാദാപുരത്ത് കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, അരൂരിൽ ജിൻഷാദ് ജിന്നാസ് എന്നിവരുടെ പേരുകളും യൂത്ത് കോൺഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്. സ്ഥാനാർത്ഥി പട്ടികയിൽ പേര് ഉറപ്പിക്കാനായി അടുത്ത ദിവസങ്ങളിയായി കേരളത്തിലെത്തുന്ന എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുവാനും നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.

