Site iconSite icon Janayugom Online

മാലിന്യമുക്ത നവകേരളത്തിന് യുവജനത മുന്നണിപ്പോരാളികളാകും

keralakerala

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയുടെ മുന്നണിപ്പോരാളികളായി യുവാക്കള്‍ രംഗത്തിറങ്ങും. ശുചിത്വ‑മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ യുവതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ്.
മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ പരിഹാരങ്ങള്‍ കൊണ്ടുവരാനും മാലിന്യമുക്ത നവകേരളത്തിലേക്കുള്ള മാറ്റത്തിന് കൂടുതല്‍ വഴിയൊരുക്കുന്ന തരത്തില്‍ ഈ കാലഘട്ടത്തിന് അനുയോജ്യമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും യുവാക്കള്‍ക്ക് സാധിക്കുമെന്നതിനാലാണ് ക്യാമ്പയിനില്‍ യുവജനങ്ങളുടെ പങ്കാളിത്തം സുപ്രധാനമായി സര്‍ക്കാര്‍ കാണുന്നത്. നവ സാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യവും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിലുള്ള സാമര്‍ത്ഥ്യവും ഈ രംഗത്ത് യുവാക്കളുടെ നേതൃത്വത്തിലുള്ള ആശയപ്രചരണത്തിന് കൂടുതല്‍ സഹായകമാകും. 

സംസ്ഥാനതലം മുതല്‍ തദ്ദേശ സ്ഥാപനതലം വരെ യുവാക്കളുടെ ടീം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നത്. ഹരിത യുവസംഗമങ്ങള്‍ സംഘടിപ്പിക്കല്‍, വീഡിയോ, പോസ്റ്ററുകള്‍, ഹാഷ്‌ടാഗ്, ചലഞ്ചുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ക്യാമ്പയിനുകള്‍, കൈമാറ്റക്കടകള്‍, മാലിന്യ രഹിതമേളകള്‍, യുവജനങ്ങള്‍ക്കിടയിലെ ബദല്‍ ഉല്പന്ന സംരംഭകരുടെ പ്രദര്‍ശന‑വിപണന മേളകള്‍, ബഹുജനങ്ങളുടെ ബോധവല്‍ക്കരണത്തിനായുള്ള പരിപാടികള്‍ എന്നിവയെല്ലാം യുവാക്കളുടെ നേതൃത്വത്തിലുള്ള വിവിധ സമിതികളുടെ ആഭിമുഖ്യത്തില്‍ നടത്തും. സമൂഹ ശുചീകരണ ദൗത്യം, തീരശുചീകരണം, സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
തെറ്റായ രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും യൂത്ത് ടീമിന്റെ ഇടപെടലുകളുടെ ഭാഗമായുണ്ടാകും. മാലിന്യം വലിച്ചെറിയുന്നതും കുന്നുകൂടുന്നതുമായ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തുന്നതും അത്തരമിടങ്ങള്‍ മാലിന്യമുക്തമാക്കി സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും യുവാക്കളുടെ സംഘത്തിന്റെ ചുമതലയായി മാറും. ടൂറിസം കേന്ദ്രങ്ങള്‍, ബീച്ചുകള്‍, വനമേഖല, ജലാശയങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള ക്യാമ്പയിനും, എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തുന്നതുമുള്‍പ്പെടെ സമഗ്രമായ ഇടപെടലാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിനില്‍ യുവാക്കളുടെ സംഘങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry: The youth will be the van­guard for a garbage-free New Kerala

You may also like this video

Exit mobile version