ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിലെ തേനമ്മയെ അനശ്വരമാക്കിയ സഞ്ജന ചന്ദ്രൻ കലോത്സവ വേദിയിൽ നൃത്താധ്യാപികയുടെ റോളിലാണ്. കാക്കൂർ പി സി പാലം എ യു പി സ്കൂളിലെ സംഘനൃത്തം മത്സരാർത്ഥികളുടെ അധ്യാപികയായാണ് ട്രാൻസ്ജെൻഡർ നടിയും നർത്തകിയുമായ സഞ്ജന ഇത്തവണ കലോത്സവ നഗരിയിലെത്തിയത്. പത്ത് വർഷത്തിലധികമായി വിവിധ സ്കൂളുകളിൽ നൃത്താധ്യാപികയായി പ്രവർത്തിച്ചുവരികയാണ് സഞ്ജന. ട്രാസ്ജെൻഡർ വിഭാഗത്തിൽ ഭാരതനാട്യത്തിൽ ദേശീയ അവാർഡായ നട്വർ ഗുരു ഗോപീകൃഷ്ണൻ പുരസ്കാരം നേടിയ വ്യക്തി കൂടിയാണ് ഇവർ. മലയാളത്തിൽ ആദ്യമായി ഒരു മുഴുനീള വേഷത്തിൽ എത്തിയ ട്രാൻസ് വുമൺ കൂടിയാണ് സഞ്ജന.
നൃത്തത്തെ പ്രണയിച്ചതിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു. ജില്ലയിലെ ആദ്യ ആദ്യ ട്രാൻസ്ജെൻഡർ ബിരുദ വിദ്യാർത്ഥികളിൽ ഒരാളായ സഞ്ജന കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് മീറ്റിൽ വിവിധ വിഭാഗങ്ങളിൽ പുരസ്ക്കാരവും എംജി യൂണിവേഴ്സിറ്റിയിൽ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പടം: കാക്കൂർ പി സി പാലം എ യു പി സ്കൂളിലെ സംഘനൃത്തം മത്സരാർത്ഥികൾക്കൊപ്പം സഞ്ജന ചന്ദ്രൻ