സ്വാതന്ത്ര്യ സമരചരിത്രത്തിൽ നിന്നും മഹാത്മാ ഗാന്ധിയടക്കമുള്ളവരെ തമസ്കരിക്കാനും ചില വർഗിയവാദികളെ പ്രതിഷ്ഠിക്കാനുമുള്ള ആസൂത്രിത നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്ന് എഐവൈെഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പറഞ്ഞു. ഗാന്ധിവധം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തും തെറ്റായ ചരിത്രം പുതിയ തലമുറയെ പഠിപ്പിക്കാനുമാണ് സംഘപരിവാർ പരിശ്രമിക്കുന്നത്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ ദൃഢപ്രതിഞ്ജ എടുത്ത് പുതിയ തലമുറ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എഐവൈഎഫ് ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല കുമാരപ്പണിക്കർ സ്മാരകത്തിന് മുന്നിൽ ടി ടി ജിസ്മാൻ പതാക ഉയർത്തി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.
മാവേലിക്കര മാങ്കാംകുഴിയിൽ ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോനും ചേർത്തല സൗത്ത് ചെറുവാരണത്ത് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്തും കായംകുളത്ത് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി എ അരുൺകുമാറും പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനു ശിവൻ ചാരുംമൂട്ടിലും ആർ അഞ്ജലി ഹരിപ്പാടും പതാക ഉയർത്തി. മാരാരിക്കുളത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം കണ്ണനും ആലപ്പുഴയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷമീറ ഹാരിസും പതാക ഉയർത്തി. ചെങ്ങന്നൂരിൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്ലംഷായും അരൂരിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം സി അജിത്കുമാറും പതാക ഉയർത്തി.