Site iconSite icon Janayugom Online

പടക്ക വിപണിയിൽ വൻ തിരക്ക്

crackerscrackers

വിഷു ആഘോഷത്തിന് കണിക്കൊന്നപോലെ പ്രധാനമാണ് പടക്കവും. ഇക്കുറി വഴിയോരങ്ങളിൽ പടക്ക വില്പന ഇല്ലാത്തതിനാൽ വില്പന നടത്തുന്ന കടകൾക്ക് മുന്നിൽ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകളെ ആകർഷിക്കാൻ വ്യാപാരികൾ ഇത്തവണയും പുതിയ ഇനങ്ങൾ വിപണിയിൽ എത്തിച്ചു.
ഈസ്റ്ററിനും തരക്കേടില്ലാത്ത വില്പന നടന്നിരുന്നു. അതിന് തൊട്ടുപിന്നാലെ എത്തിയ വിഷുവിനും പടക്കത്തിന് ആവശ്യക്കാരേറെയാണ്.
കോവിഡിനെ തുടർന്ന് നിറം മങ്ങിയ പടക്ക വിപണി പ്രൗഢിയോടെ തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് വ്യാപാരികൾ. വിഷുവിന് മുന്നോടിയായി ഓൺലൈൻ വഴിയുള്ള പടക്ക വില്പന സജീവമായത് ഏറെ ക്ഷീണം ചെയ്തുവെങ്കിലും അവസാന നിമിഷം ഇത് തടഞ്ഞുകൊണ്ടുള്ള കോടതി ഇടപെടൽ സഹായകമായതായി വ്യാപാരികൾ പറയുന്നു. 

വിലക്കുറവും ആകർഷകമായ ഓഫറുകളും നൽകിയായിരുന്നു ഓൺലൈൻ വില്പന. പല പ്രമുഖ ഷോപ്പിങ് ഓൺലൈൻ സൈറ്റുകളിലൂടെയുമാണ് പടക്ക വില്പന നടത്തിയിരുന്നത്. കൂടാതെ ആവശ്യക്കാർക്ക് ശിവകാശിയിൽ നിന്നും മറ്റും വൻ തോതിൽ പടക്കവും മറ്റിനങ്ങളും കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. വിലക്കുറവും അപകടരഹിതവും വർണവിസ്മയം സൃഷ്ടിക്കുന്നതുമായ പടക്കങ്ങളാണ് ഇക്കുറി താരം. ആകാശത്തേക്ക് ഉയർന്നുപൊങ്ങി പലതരം വർണങ്ങളിൽ കുടനിവർത്തുന്നതുപോലെ വിരിയുന്ന സൂപ്പർ സോണിക് പടക്കങ്ങളും കത്തിച്ചു വിട്ടാൽ മയിൽപ്പീലി വിടരുന്നത് പോലെ നിവരുന്ന പീക്കോക്ക് ഇനവും, വളരെ ഉയരത്തിൽ പൊങ്ങി ഉഗ്ര ശബ്ദത്തിൽ പൊട്ടുന്ന റോക്കറ്റും, വിവിധ നിറങ്ങളിൽ കത്തുന്ന മൾട്ടി കളർ ബബിൾസും, ഹെലികോപ്റ്റർ, ഡ്രോൺ, മങ്കീ മങ്കീ ഉൾപ്പെടെ വിവിധ തരം പുതുമയാർന്ന പടക്കങ്ങളും വിപണി കീഴടക്കിയിട്ടുണ്ട്. 

മേശപ്പൂ, മത്താപ്പൂ, കമ്പിത്തിരി, പൂത്തിരി, വർണ തീപ്പെട്ടി, നിലച്ചക്രങ്ങളും ആകർഷകമാക്കിയാണ് ഇറക്കിയിട്ടുള്ളത്. മാലപ്പടക്കത്തിനും ആവശ്യക്കാരുണ്ട്. ഉല്പാദന ചെലവും മറ്റു നികുതി വർധനവും കണക്കിലെടുത്ത് കാര്യമായ വില വർധനവ് പടക്കത്തിന് ഏർപ്പെടുത്തിയിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ശിവകാശിയിൽ നിന്നുള്ള അപകടരഹിതമായ ഇനങ്ങൾക്കും ഇവിടെയുള്ള പുതുമയാർന്ന ഇനങ്ങൾക്കുമാണ് ഈ സീസണിൽ കൂടുതൽ ഡിമാൻഡ് അനുഭവപ്പെട്ടതെന്ന് ചെറായിയിലെ വ്യാപാരിയായ അനീഷ് കെ എ ജനയുഗത്തോട് പറഞ്ഞു.
ഓൺലൈൻ പടക്ക വില്പന ഒരു പരിധിവരെ മൊത്ത വ്യാപാരികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈസ്റ്റർ, വിഷു, റംസാൻ വിപണി ലക്ഷ്യമിട്ടാണ് വ്യാപാരികൾ സ്റ്റോക്ക് എടുത്തിട്ടുള്ളതെന്നും അനധികൃത വില്പന തടയാൻ നടപടി കർശനമാക്കിയത് ഈ മേഖലയ്ക്ക് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നും വിഷുവിന്റെ തിരക്കാകും. അടുത്ത ആഴ്ച പെരുന്നാളും പടക്ക വിപണിക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ്.

Eng­lish sum­ma­ry: There is a huge rush in the fire­crack­ers market

You may also like this video

Exit mobile version