ലൈംഗിക ആരോപണ കേസിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീറിനെ നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുകൂലികൾ രംഗത്ത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമാണ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചാണ്, രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയത്. നേമം ഷജീർ, സംസ്ഥാന സെക്രട്ടറി റെനോ പിരാജൻ, സഹായി ഫസൽ എന്നിവരെയും കൂട്ടിയാണ് രാഹുൽ എത്തിയത്. ഇത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് രാഹുൽ നിയമസഭയിലേക്ക് എത്തിയതെന്ന വ്യാഖ്യാനമുണ്ടാക്കിയിരുന്നു.
രാഹുലിന് ഒപ്പം ഷജീർ പോയതിൽ വി ഡി സതീശൻ നീരസത്തിലായിരുന്നു. ഇന്നലെ സതീശനെ കാണാൻ ഷജീർ ശ്രമിച്ചെങ്കിലും അദ്ദേഹം മൈൻഡ് ചെയ്യാതെ അവഗണിച്ചു.

