Site iconSite icon Janayugom Online

ദുരന്തനിവാരണ ഫണ്ടിൽ അവ്യക്തതയില്ല

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുമായി ബന്ധപ്പെട്ട് അവ്യക്തതയില്ലെന്നും കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തുമെന്നും മന്ത്രി കെ രാജൻ. ഫണ്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എസ്ഡിആർഎഫിന്റെ മാനദണ്ഡം വച്ച് തുക ചെലവാക്കാൻ ആകില്ലെന്നതാണ് പ്രശ്നമെന്നും അതുകൊണ്ടാണ് ചൂരൽമലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. 

സ്വമേധയാ എടുത്ത കേസ് ഇന്നലെ പരിഗണിക്കുന്ന വേളയില്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച നഷ്ടത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും കണക്കുകള്‍ തയ്യാറാക്കുമ്പോള്‍ സൂക്ഷ്മതയും കൃത്യതയും പുലര്‍ത്തണമെന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ കൃത്യമായ കണക്കുകള്‍ നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ സമിതി അക്കൗണ്ട് ഓഫിസര്‍ ഇന്നലെ ഹാജരായി. എസ്ഡിആർഎഫിൽ എത്രനീക്കിയിരിപ്പുണ്ടെന്ന ചോദ്യത്തിന് 667 കോടി രൂപയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി കോടതിയെ അറിയിച്ചു. എസ്ഡിആർഎഫിൽ കൃത്യമായ ഓഡിറ്റിങ് നടത്തുന്ന കാര്യവും അവസാനം ഓഡിറ്റിങ് നടത്തിയ റിപ്പോർട്ട് കൈവശമുണ്ടോയെന്നും കോടതി ആരാഞ്ഞു. അത് സമർപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു. 

ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആൾ തന്നെ ഹാജരായി കൃത്യമായ കണക്കും ഓഡിറ്റ് രേഖകളും നൽകുമെന്ന് മന്ത്രി രാജന്‍ പറഞ്ഞു.
മാനദണ്ഡങ്ങൾക്കപ്പുറത്ത് ചൂരൽമലയിലെ ആളുകളുടെ കണ്ണീര്‍ തുടയ്ക്കാൻ ഒരുപാട് പണം വേണ്ടിവരും. അത് നൽകുമോ എന്നതാണ് കേന്ദ്രം പറയേണ്ടത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Exit mobile version