Site iconSite icon Janayugom Online

വിഴിഞ്ഞത്ത് വിട്ടുവീഴ്ചയില്ല; നിക്ഷിപ്‌ത താല്പര്യക്കാരുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

pinarayi vijayanpinarayi vijayan

നാടിന്റെ പൊതുവായ വികസന കാര്യങ്ങളിൽ തടസമുണ്ടാക്കാൻ നിക്ഷിപ്‌ത താല്പര്യക്കാർ എല്ലാകാലത്തും രംഗത്തുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെല്ലാം ഇവിടെ വലിയ ഗൂഢാലോചനയുമായി ഒത്തുചേര്‍ന്നിരിക്കുകയാണ്. ശാന്തിയും സമാധാനവുമുള്ള കേരളത്തിന്റെ അന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കാനാണവര്‍ ശ്രമിക്കുന്നതെന്നും അനെർട്ട്‌ നടപ്പാക്കുന്ന ഹരിത ഊർജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.

സത്യപ്രതിജ്ഞചെയ്‌ത്‌ അധികാരമേറ്റ മന്ത്രിയുടെ പേര്‌ അബ്ദുറഹിമാൻ എന്നതായതിനാൽ രാജ്യദ്രോഹി എന്ന്‌ ഒരാൾക്ക്‌ പറയാൻ കഴിയുന്നു. എന്താണ്‌ ഇളക്കിവിടാൻ നോക്കുന്ന വികാരം. വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരം കേവലം സർക്കാരിനെതിരായ നീക്കമല്ല, നാടിന്റെ മുന്നോട്ടുപോക്കിനെ തടയലാണെന്നും അദ്ദേഹം പറഞ്ഞു. ഏതു വേഷത്തിൽ വന്നാലും അതു സമ്മതിച്ചുകൊടുക്കില്ല. സർക്കാരിനെ വിരട്ടിക്കളയാമെന്നു കരുതേണ്ട.
എന്താണോ ദേശീയപാതയുടെയും ഗെയ്‌ൽ പൈപ്പ്‌ ലൈനിന്റെയും ഇടമൺ–കൊച്ചി പവർ ഹൈവേയുടെയും കാര്യത്തിൽ സംഭവിച്ചത്‌ അതുതന്നെ ഇക്കാര്യത്തിലും സംഭവിക്കും. ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല.

പദ്ധതി നിർത്തിവയ്‌ക്കണം എന്ന അഭിപ്രായം പ്രദേശത്തില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പദ്ധതി ആവശ്യമാണ്‌ എന്ന്‌ പറയുന്നു. സമരസമിതി ഉന്നയിച്ച ഏഴുകാര്യങ്ങളിൽ അഞ്ചും മന്ത്രിതല സമിതി അംഗീകരിച്ചു. തുടർന്ന്‌ സമരക്കാരിൽ മുതിർന്ന ചിലർ മുഖ്യമന്ത്രിയെ കണ്ടു. തീരശോഷണം ഉണ്ടോ എന്നു പഠിക്കാൻ വിദഗ്‌ധസമിതിയെ നിയോഗിക്കാമെന്ന്‌ അവരെ അറിയിച്ചു. സമരക്കാർ ഉന്നയിച്ച ഏഴു ആവശ്യങ്ങളിൽ ആറും അംഗീകരിച്ചു. സർക്കാരിന്‌ മറ്റൊന്നും ചെയ്യാനാകില്ല.

എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന 2016ൽതന്നെ പദ്ധതി നല്ലൊരു ഭാഗം മുന്നോട്ടുപോയിരുന്നു. പുതിയ സർക്കാർ വരുമ്പോൾ പദ്ധതി ഉപേക്ഷിച്ചാൽ സംസ്ഥാനത്തിന്റെ വിശ്വാസ്യതയ്‌ക്കാണ്‌ ഇടിവുവരിക. അത്‌ സംസ്ഥാനതാൽപ്പര്യത്തിന്‌ വിഘാതമാകും. അതിനാൽ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല എന്ന്‌ വ്യക്തമാക്കിയതാണ്‌. പദ്ധതി പൂർത്തിയാക്കാനാവശ്യമായ നടപടി സ്വീകരിച്ചു മുന്നോട്ടുപോകും. നാടിനോടും വരുംതലമുറയോടും താല്പര്യമുള്ള എല്ലാവരും അതിനെ പിന്തുണയ്‌ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി.

വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് എഫ്ഐആർ

വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. സംസ്ഥാന അധ്യക്ഷ കെ പി ശശികല അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും പൊതു ഗതാഗതം തടസപ്പെടുത്തിയതിനുമുള്ള കുറ്റംചുമത്തി. ശശികല ഒന്നാം പ്രതിയായി കണ്ടാൽ അറിയാവുന്ന എഴുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയത്.

അതേസമയം, വിഴിഞ്ഞം സമര സമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെയുള്ള കേസില്‍ എഫ്­ഐ­ആര്‍ രജിസ്റ്റര്‍ ചെയ്തു. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായിരുന്നു ഇയാളുടെ ശ്രമമെന്നാണ് എഫ്ഐആറില്‍ ഉള്ളത്. മന്ത്രി വി അബ്ദുറഹ്മാനെതിരായ വർഗീയ പരാമർശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും എഫ്ഐആറിലുണ്ട്. അബ്ദുറഹിമാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പ്രസ്താവന.

Eng­lish Summary:There is no com­pro­mise in Vizhin­jam; The Chief Minister
You may also like this video

Exit mobile version