Site icon Janayugom Online

കര്‍ണാടകയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ വാക്സിന്‍ ഇല്ല ; ക്ഷേമനിധി ബോര്‍ഡ് വില കൊടുത്ത് വാങ്ങി നല്കണം

തൊഴിലാളികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ക്ഷേമനിധി തുക ഉപയോഗിച്ച് വാങ്ങി നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നിലനില്ക്കേയാണ് സംസ്ഥാനത്തെ നിര്‍മാണത്തൊഴിലാളികള്‍ക്ക് വാക്സിന്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് വിലകൊടുത്ത് വാങ്ങി നല്കുന്നതിന് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് വാക്സിന്‍ വാങ്ങുന്നതിന് 25 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 15.60 കോടിരൂപ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മയായ ഫാനയില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നതിന് നടപടി ആരംഭിച്ചു. ഒരു ഡോസ് വാക്സിന് 780 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27നാണ് കര്‍ണാടക ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വെല്‍ഫേര്‍ ബോര്‍ഡ് വാക്സിന്‍ വാങ്ങുന്നതിന് സ്വകാര്യ ആശുപത്രികളുമായി ധാരണയായത്. ജൂലൈ 20 ന് ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് നിര്‍മാണ തൊഴിലാളികള്‍ക്കുള്ള വാക്സിന്‍ ക്ഷേമനിധി വിഹിതം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാങ്ങി നല്കുന്നതിന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി തൊഴില്‍വകുപ്പ് അഡീഷണല്‍ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുകയായിരുന്നു.


ഇതു കൂടി വായിക്കുക ; വ്യാജ ആര്‍ടിപിസിആര്‍; കര്‍ശന നടപടികളുമായി കര്‍ണാടക


തൊഴിലാളികളുടെ വിഹിതം ഉള്‍പ്പെടെ പിരിച്ചെടുത്ത് അവരുടെ ക്ഷേമത്തിനും പെന്‍ഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കും വിനിയോഗിക്കേണ്ട തുകയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വാക്സിന്‍ ലഭ്യമാകുമെന്നിരിക്കേ വകമാറ്റുന്നത്. ഇതിലൂടെ സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കുക കൂടിയാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തൊഴിലാളികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് തീരുമാനം കൈക്കൊണ്ടതെന്നാണ് സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി എ എസ് ഹെബ്ബാറിന്റെ ന്യായീകരണം.

Eng­lish sum­ma­ry; There is no free vac­cine for con­struc­tion work­ers in Karnataka

You may also like this video;

Exit mobile version