കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യയില്‍ നല്കുന്ന ബൂസ്റ്റര്‍ വാക്സിന് ശാസ്ത്രീയ അനുമതിയില്ലാത്തതെന്ന് കണ്ടെത്തല്‍. രാജ്യത്ത് മരുന്നുകള്‍ വിതരണം ചെയ്യാന്‍ അനുമതി നല്കുന്ന നോഡൽ ഏജൻസിയായ സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‍സിഒ) മുൻകരുതൽ ഡോസുകൾ അംഗീകരിച്ചിട്ടില്ലെന്ന് ‘ദി വയർ സയൻസ്’ ആണ് കണ്ടെത്തിയത്. 2022 ജനുവരി 10 മുതലാണ് രാജ്യത്ത് കരുതല്‍ ഡോസ് നല്കാന്‍ ആരംഭിച്ചത്. 2021 നവംബർ, ഡിസംബർ മാസങ്ങളില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ, കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വിനോദ് കെ പോൾ എന്നിവര്‍ ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കുന്നതിനെ എതിർത്തിരുന്നു.
എന്നാല്‍ 2021 ലെ ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുൻകരുതൽ ഡോസുകൾ ആരംഭിക്കുന്ന തീയതി യാദൃച്ഛികമായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഐസിഎംആർ, സിഡിഎസ്‍സിഒ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയിൽ ദ വയർ സയൻസ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലെ മറുപടികളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
‘കോവിഷീൽഡിന്റെയും കോവാക്സിന്റെയും ആദ്യഡോസുകള്‍ എടുത്തവർക്കുള്ള മുൻകരുതൽ ഡോസിന് അംഗീകാരം നൽകിയിട്ടില്ല. പ്രാഥമിക ഡോസിനാണ് ദേശീയ വാക്സിനേഷന്‍ പദ്ധതിയില്‍ മുന്‍ഗണന നല്കിയിട്ടുള്ളത്’ എന്ന് 2022 ജൂണ്‍ ഏഴിന് സിഡിഎസ്‍സിഒ നല്കിയ മറുപടിയില്‍ പറയുന്നു. കോവിഷീൽഡും കോവാക്സിനും മുൻകരുതൽ ഡോസുകളായി നല്കാന്‍ ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ ഏത് ഡാറ്റയാണ് പരിശോധിച്ചത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ‘വിഷയ വിദഗ്ധ സമിതി യോഗങ്ങളുടെ മിനിറ്റ്സ് സിഡിഎസ്‍സിഒ വെബ്സൈറ്റിൽ ലഭ്യമാണ്’ എന്നു മാത്രമാണ് മേയ് 12 ന് നല്കിയ മറുപടിയിലുള്ളത്.
‘കോവിഷീൽഡ്, കോവാക്സിന്‍ എന്നിവ മുൻകരുതൽ ഡോസായി നല്കുന്നതിനുള്ള അനുമതിക്കായി ഒരു അപേക്ഷയും സിഡിഎസ്‍സിഒയ്ക്ക് ലഭിച്ചിട്ടില്ല’ എന്ന് മറ്റാെരു ചോദ്യത്തിന് മറുപടി നല്കിയിട്ടുണ്ട്. അതായത് ജനുവരി 10 മുതൽ ബൂസ്റ്റര്‍ ഡോസ് നല്കുമെന്ന് പ്രധാനമന്ത്രി മോഡി പ്രഖ്യാപിക്കുന്നതിന് മുമ്പ് നോഡല്‍ എജന്‍സിക്ക് അപേക്ഷ പോലും നല്കിയിരുന്നില്ല. അനുമതി നല്കാന്‍ ചുമതലപ്പെട്ട സിഡിഎസ്‍സിഒയെ ഒഴിവാക്കുകയും വാക്സിനുകൾ ക്ലിനിക്കൽ ട്രയലുകളിൽ നിന്ന് നേരിട്ട് പൊതു ഉപയോഗത്തിലേക്ക് എത്തിക്കുകയുമായിരുന്നു എന്നര്‍ത്ഥം.
ഇന്ത്യയിൽ ഏതെങ്കിലും മരുന്നിന് അംഗീകാരം ലഭിക്കണമെങ്കിൽ നിര്‍മ്മാതാക്കള്‍ ആദ്യം സിഡിഎസ്‍സിഒയ്ക്ക് അപേക്ഷ നല്കണം. വിവിധ പരിശോധനകള്‍ക്കു ശേഷം ഇത് വിഷയ വിദഗ്ധ സമിതിയുടെ (എസ്ഇസി) മുന്നിലെത്തും. അപേക്ഷകൾ പഠിക്കുകയും അതില്‍ എന്തു നടപടി വേണമെന്നതിനെക്കുറിച്ച് സിഡിഎസ്‍സിഒയ്ക്ക് ശുപാർശകൾ നൽകുകയും ചെയ്യുന്ന ഉപദേശക സമിതിയാണ് എസ്ഇസി. സിഡിഎസ്‍സിഒ വെബ്‍സെെറ്റിലെ എസ്ഇസി മിനിറ്റ്സ് പരിശോധിച്ചപ്പോള്‍ കോവിഡ് കാലത്ത് ലഭിച്ച പല അപേക്ഷകളും തീരുമാനങ്ങളും കണ്ടെത്തി. അതോടൊപ്പം കോവിഷീൽഡിന്റെ മൂന്നാം ഡോസ് നൽകാനുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അപേക്ഷ ഡിസംബർ 10 ന് നിരസിച്ചുവെന്നാണ് സെെറ്റിലുള്ളതെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് പറയുന്നു.
English Summary:There is no scientific approval for the covid booster vaccine in India
You may also like this video