Site iconSite icon Janayugom Online

അരിവിഹിതം നല്‍കാത്ത കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി

ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാരിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ യോജിച്ച പ്രതിഷേധം ഉയരണമെന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുന്നു എന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

നിലവിൽ ടൈഡ് ഓവർ വിഹിതം സംസ്ഥാനത്തിന് നൽകിവരുന്ന 8.30 രൂപ നിരക്കിൽ മുൻഗണനേതര കുടുംബങ്ങൾക്ക് കാർഡൊന്നിന് അഞ്ച് കിലോഗ്രാം വീതം അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഒപ്പം രണ്ടുവർഷം മുമ്പ് വരെ ടൈഡ് ഓവർ വിഹിതമായി ലഭിച്ചിരുന്ന ഗോതമ്പിന്റെ അലോട്ട്മെന്റ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഓണം പോലെയുള്ള വിശേഷാവസരങ്ങളിൽ പൊതുമാർക്കറ്റിൽ അരിയുടെ വില കുതിച്ചുയരാതിരിക്കാൻ മുൻഗണനേതര വിഭാഗക്കാർക്കും കഴിയുന്ന അളവിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുൻഗണനേതര വിഭാഗക്കാർക്ക് നൽകുന്നതിനുവേണ്ടി അധികമായി അരിവിഹിതം സംസ്ഥാനം ആവശ്യപ്പെട്ടത്. 

സംസ്ഥാന ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം പ്രമേഹ രോഗബാധിതരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുൻഗണനേതര വിഭാഗക്കാർക്കുള്ള ഗോതമ്പിന്റെ അലോട്ട്മെന്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ സാധാരണക്കാർക്ക് കൈത്താങ്ങാകുന്ന ഈ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ നിർദയം നിരാകരിക്കുകയാണുണ്ടായത്. കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്. അതിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version