Site iconSite icon Janayugom Online

അവിടെ മെത്രാന്മാരെ ആദരിക്കുന്നു: ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; ബിജെപിക്കെതിരെ ഓര്‍ത്തഡോക്സ് ബിഷപ്പ്

ക്രിസ്തുമസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില്‍ ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍മാര്‍ മിലിത്തിയോസ്. അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു എന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നും അദ്ദേഹം കുറിച്ചു. പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവയുപി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ, വിശ്വഹിന്ദുപരിഷത്ത് ജില്ലാനേതാവടക്കം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുകയും തത്തമംഗലം ചെന്താമരനഗര്‍ ജിബിയുപി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

നല്ലേപ്പിള്ളി ഗവയുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിഎച്ച്പി നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തത്തമംഗലം ചെന്താമരനഗർ ജിബിയുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുൽക്കൂട് തകർത്തനിലയിൽ കണ്ടെത്തിയത്.

രണ്ടുസംഭവങ്ങളും അന്വേഷിക്കുന്നതിനായി ചിറ്റൂർ ഡിവൈഎസ്പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സ്കൂളുകൾ സന്ദർശിച്ചശേഷം മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സമീപത്തെ കടകളിലും വീടുകളിലുമുള്ള സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്തിരുന്നു. 

Exit mobile version