Site iconSite icon Janayugom Online

കേരളത്തിൽ ജനുവരി അവസാനം കോവിഡ് മൂന്നാം തരംഗം

കേരളത്തിൽ കോവിഡ് മൂന്നാം തരംഗം ജനുവരി അവസാനത്തോടെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഡെൽറ്റ വൈറസിനേക്കാൾ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ വ്യാപനശേഷിയുള്ള ഒമിക്രോൺ വൈറസിന്റെ വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് ആകെ 57 ഒമിക്രോൺ കേസുകളാണ് ഇന്നലെ വരെ റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക വിശകലനം നടപ്പിലാക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കാനുള്ള ചുമതല ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി.

കേന്ദ്ര സർക്കാർ നിർദേശപ്രകാരം അർഹരായവർക്ക് ബൂസ്റ്റർ ഡോസും 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക് വാക്സിനും ജനുവരി മൂന്ന് മുതൽ നൽകാനുള്ള ക്രമീകരണം ഒരുക്കണമെന്ന് മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദേശം നൽകി. കുട്ടികൾക്ക് വാക്സിന്‍ നൽകുന്നതിനു പുറമേ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. സംസ്ഥാനത്ത് 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരാനും തീരുമാനമായി.

Eng­lish Sum­ma­ry: Third wave at the end of January

You may like this video also

Exit mobile version