ഭിന്നശേഷിക്കാരായ ശിവദാസ് — വത്സല ദമ്പതികളുടെ ഏകമകള്‍ സൂര്യഗായത്രി (20)യെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍, കോടതി ഇന്ന് ശിക്ഷവിധിച്ച പ്രതി അരുണിന് ഉണ്ടായത് അടങ്ങാത്ത പ്രണയപ്പകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ തെളിവുകള്‍. നിര്‍ധന കുടുംബാംഗമായ സൂര്യഗായത്രിയെ പണവും സ്വര്‍ണവും നല്‍കി സ്വാധീനിക്കാനുള്ള വിഫല ശ്രമങ്ങള്‍ക്കിടയിലും പ്രതി അരുണ്‍ തന്റെ ഏകപക്ഷീയ പ്രണയവുമായി മുന്നോട്ട് പോയി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് അറിഞ്ഞ വീട്ടുകാരും സൂര്യഗായത്രിയും പ്രതിയുമായി ഒരുതരത്തിലുമുളള ബന്ധവും ഉണ്ടാക്കില്ലെന്ന് പറഞ്ഞെങ്കിലും അരുണ്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നപ്പോഴും അരുണ്‍ പ്രതീക്ഷയോടെ കാത്തിരുന്നു. വിവാഹിതയായി കഴിഞ്ഞിരുന്ന സൂര്യഗായത്രിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തി പ്രതി പുതിയ തന്ത്രം മെനയുകയായിരുന്നു. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു. ഇതേ ചൊല്ലി ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ സൂര്യഗായത്രിയെ ഇനി സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതി മോഹിച്ചു. അത് നടക്കില്ലെന്ന് കണ്ടാണ് തനിക്ക് ലഭിച്ചില്ലെങ്കില്‍ ഇനി ഈ ഭൂമുഖത്ത് അവള്‍ വേണ്ടെന്ന അന്തിമ തീരുമാനത്തില്‍ അരുണ്‍ എത്തി ചേര്‍ന്നത്.
സൂര്യഗായത്രിയുടെ വീട്ടില്‍ ആരുമില്ലെന്ന് കരുതി പുറകിലെ വാതലിലൂടെ മോഷ്ടാവിനെപ്പോലെ അകത്ത് കടന്ന പ്രതി വീട്ടിനകത്ത് ഉണ്ടായിരുന്ന സൂര്യഗായത്രിയുടെ മാതാവ് കാലുകള്‍ക്ക് ചലന ശേഷി ഇല്ലാത്ത വത്സലയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് സൂര്യഗായത്രിയും അച്ഛന്‍ ശിവദാസനും ഓടി വന്നു. സൂര്യഗായത്രിയെ കണ്ട പ്രതി അവര്‍ക്ക് നേരെ തിരിഞ്ഞ് തുരുതുരെ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച അച്ഛനെ തൊഴിച്ചെറിഞ്ഞു. 33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുടനീളം ഉണ്ടായിരുന്നത്. മകളെ രക്ഷിക്കാന്‍ മകളുടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ വത്സലയെയും പ്രതി കുത്തി. അമ്മയെ കുത്തുന്നത് കണ്ട് ‘അമ്മേ’ എന്ന് വിളിച്ച സൂര്യഗായത്രിയെ നോക്കി ‘നീ ഇനിയും ചത്തില്ലേ’ എന്ന് പറഞ്ഞ് സൂര്യഗായത്രിയുടെ തല പിടിച്ച് തറയില്‍ ഇടിച്ച് തലയോട്ടി പിളര്‍ത്തി. ഇതിനിടെ ശിവദാസന്റെ നിലവിളി കേട്ട് ആളുകള്‍ ഓടി കൂടിയതാണ് പ്രതിക്ക് വിനയായത്.
നേരത്തെ തയ്യാറാക്കിയ തിരക്കഥ; അരുൺ എത്തിയത് വ്യാജ നമ്പർ പതിച്ച ബൈക്കിൽ
കയ്യിൽ ഒളിപ്പിച്ച കത്തി, സഞ്ചരിക്കാൻ വ്യാജ നമ്പർ പതിപ്പിച്ച ബൈക്ക്, കൊലപാതകത്തിന് തിരഞ്ഞെടുത്തത് ഉച്ചയുറക്കത്തിനുള്ള സമയം, മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷം അരുൺ, സൂര്യഗായത്രിയെ കൊല്ലാനായി നെടുമങ്ങാട് എത്തിയത് നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്. മൂന്ന് വർഷം മുൻപും അരുൺ സൂര്യയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു.തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. കൊല്ലത്തു നിന്നും അമ്മയെ കാണാൻ ഉഴപ്പാകോണത്തെ വീട്ടിൽ എത്തിയ വിവരം അറിഞ്ഞാണ് പേയാട് നിന്നും അരുൺ സൂര്യഗായത്രിയുടെ വീട്ടിലെത്തിയത്. കൊലപാതകത്തിനും ഒരു വർഷം മുൻപ് സൂര്യയും അമ്മ വത്സലയും ലോട്ടറി വിൽക്കാൻ പോകുന്നതിനിടയിൽ ആര്യനാട് റോഡിൽ വച്ച് അരുൺ ഇവരെ തടഞ്ഞുനിർത്തി സൂര്യയുടെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. തുടർന്ന് ആര്യനാട് പോലീസ് ഇടപെട്ടാണ് മടക്കി വാങ്ങി നൽകിയത്. ഇനിയൊരു പ്രശ്നം ഉണ്ടാക്കില്ലെന്ന് പറഞ്ഞു സ്റ്റേഷനിൽ നിന്നും പോയ അരുണിനെ പിന്നെ കാണുന്നത് സംഭവദിവസം ഉച്ചയ്ക്ക് കൊലക്കത്തിയുമായി വീട്ടിൽ നിൽക്കുന്നതാണെന്ന് സൂര്യയുടെ അമ്മ വത്സല കോടതിയിൽ മൊഴി നൽകിയിരുന്നു. വിസ്താര വേളയിലും ആ കാഴ്ചയുടെ ദുരന്തം അമ്മയുടെ കണ്ണുകളിൽ നിന്നും വിട്ടുമാറിയിട്ടില്ലായിരുന്നു. അരുൺ സഞ്ചരിച്ച വ്യാജ നമ്പർ പതിച്ച ബൈക്കും മൊബൈൽ ഫോണും തൊണ്ടിമുതലുകളായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇനി സൂര്യയില്ല നെടുമങ്ങാട് ലോട്ടറി വില്‍ക്കാന്‍
നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്‍വശവും ബിവറേജസിന് മുന്‍വശവും ലോട്ടറി വില്‍ക്കാന്‍ ഇനി സൂര്യയില്ല. കോടതി പ്രവര്‍ത്തന സമയം കോടതിയുടെ മുന്‍വശവും അതിന് ശേഷം സന്ധ്യമയങ്ങുന്നത് വരെ ബിവറേജസിന് മുന്‍വശവും ലോട്ടറി വില്‍പ്പനയക്ക് മാതാപിതാക്കളെ സഹായിക്കാന്‍ മരണം വരെ സൂര്യ ഉണ്ടായിരുന്നു. അര്‍ദ്ധ പട്ടിണിയിലും അഭിമാനിയായിരുന്നു സൂര്യ. പഠനത്തില്‍ മിടുക്കിയായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം മനസിലാക്കി പഠനം പ്ലസ് ടൂ കൊണ്ട് അവസാനിപ്പിച്ചു.
കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ട അമ്മയെ കൊണ്ടും രോഗിയായ അച്ഛനെ കൊണ്ടും കൂട്ടി മുട്ടിക്കാന്‍ പറ്റുന്നതല്ല തന്റെ ജീവിതം എന്ന് മനസിലാക്കി തുടര്‍ന്ന് പഠിക്കണമെന്ന മോഹം ഉപേക്ഷിച്ചാണ് സൂര്യഗായത്രി അച്ഛന്റെയും അമ്മയുടെയും പാത സ്വീകരിച്ച് ലോട്ടറി കച്ചവടത്തിന് ഇറങ്ങിയത്. അമ്മയക്കും അച്ഛനും താങ്ങും തണലുമായി നടന്ന സൂര്യഗായത്രിയെ കുറിച്ച് പറയാന്‍ നാട്ടുകാര്‍ക്കും നല്ലത് മാത്രമേ ഉളളൂ. അത് കൊണ്ട് തന്നെ സൂര്യഗായത്രിയുടെ മരണം നാട്ടുകാരില്‍ ഉണ്ടാക്കിയ ഞെട്ടലിന് പരിഹാരം ഇല്ലായിരുന്നു. നിറപട്ടിണിയിലും വേദന ഉളളിലൊതുക്കി ചിരിക്കുന്ന മുഖവുമായി നിത്യേന കണ്ടിരുന്ന സൂര്യഗായത്രിയുടെ മുഖം ഇന്നും നെടുമങ്ങാട്ടുകാരുടെ മനസിലുണ്ട്.
English Sammury: love grudge behind the murder, thiruvananthapuram suryagayathri case history