തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അമിത് പിടിയില്‍. വീട്ടിലെ മുന്‍ ജീവനക്കാരനായിരുന്നു അസം സ്വദേശിയായ അമിത്. തൃശൂർ മാളയിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. അമ്മിക്കല്ലും കോടാലിയും ഉപയോഗിച്ചാണ് കൊലപാതകി മരിച്ചവരുടെ മുഖം വികൃതമാക്കിയത്. അതേ സമയം വിജയകുമാറിന്റെയും ഭാര്യയുടെയും മൂന്നു മൊബൈൽ ഫോണുകൾ വീട്ടിൽ നിന്നും മോഷണം പോയി. മൂന്നു മൊബൈല്‍ ഫോണുകളിലായി നാല് സിമുകള്‍ ഉണ്ടായിരുന്നു. ജോലിയില്‍ നിന്നും പറഞ്ഞുവിട്ടതിൻറെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

