Site iconSite icon Janayugom Online

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ ഉടൻ കോട്ടയത്ത് എത്തിക്കും. തൃശ്ശൂർ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. രാവിലെ 8.30 ഓടെ പ്രതിയുമായി പോലീസ് സംഘം കോട്ടയത്തേക്ക് പുറപ്പെട്ടു. മാളയിൽ ഒരു കോഴി ഫാമില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.

കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോട്ടയം തിരുവാതുക്കൽ ഇരട്ടകൊലപാതക പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് തെളിഞ്ഞു. മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റും കോടലിയിലെ ഫിംഗർ പ്രിന്റും ഒന്നാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പോലീസിന് പ്രതിയെ കണ്ടെത്താൻ സഹായകരമായത്. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ വിരലടയാളം പോലീസ് ശേഖരിച്ചിരുന്നു. പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും, പോലീസ് ക്ലബ്ബിലും എത്തിച്ച ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകും. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

Exit mobile version