Site iconSite icon Janayugom Online

തുടരും ഈ ജൈത്രയാത്ര… പ്രതിദിന വരുമാനത്തില്‍ വീണ്ടും റെക്കോര്‍‍‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസിയുടെ ജൈത്രയാത്ര തുടരുന്നു. ഈ വര്‍ഷത്തെ രണ്ടാമത്തെ ഉയർന്ന കളക്ഷനാണ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി കൊയ്തത്. പ്രതിദിന ടിക്കറ്റ് വരുമാനം 10.89 കോടിയും ടിക്കറ്റിതര വരുമാനം 81.55 ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 11.7 കോടി രൂപയാണ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി നേടിയത്. ഈ മാസം അ‌ഞ്ചിന് ചരിത്രത്തിലെ മികച്ച പ്രതിദിന വരുമാനമായ 13.01 കോടി രൂപ കെഎസ്ആർടിസി നേടിയിരുന്നു. സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വെയ്ക്കുന്നതിന് കെഎസ്ആർടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണ് തുടര്‍ച്ചയായ ഈ നേട്ടങ്ങള്‍. 2024 ഡിസംബറില്‍ 7.8 കോടി രൂപ ശരാശരി പ്രതിദിന കളക്ഷൻ ഉണ്ടായിരുന്നിടത്ത് നിന്നാണ് 2025 ഡിസംബറിൽ ശരാശരി 8.34 കോടി രൂപ രൂപയിലേക്ക് വരുമാനം എത്തിയത്. 2025 ജനുവരിയില്‍ 7.53 കോടി ശരാശരി പ്രതിദിന വരുമാനം ഉണ്ടായിരുന്നത് ഈ വര്‍ഷം ഇതുവരെ 8.86 കോടിയിലേക്ക് ഉയർന്നിട്ടുണ്ട്. 

യാത്രക്കാരുടെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി കൂടുതൽ യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് തിരികെയെത്തിക്കാനായത് കെഎസ്ആർടിസിക്ക് ഗുണകരമായി. 2024 ൽ ശരാശരി 19.84 ലക്ഷം പ്രതിദിന യാത്രക്കാർ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസിയില്‍ ഇപ്പോൾ 20. 27 ലക്ഷം പ്രതിദിന യാത്രക്കാരാണ് ഉള്ളത്. പ്രതിദിനം ശരാശരി 43000 യാത്രക്കാരുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 1.6 കോടിയാണ് നിലവിൽ കെഎസ്ആർടിസി യാത്രക്കാരുടെ വാർഷിക വർധനവ്. കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.

Exit mobile version