Site iconSite icon Janayugom Online

തൊടുപുഴ എംഎൽഎ ഇനിയും എത്തിയില്ലല്ലോ…???

mlamla

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി ചേർന്ന തൊടുപുഴ മണ്ഡലതല സംഘാടകസമിതി രൂപീകരണ യോഗത്തിലും നിയോജക മണ്ഡലം എംഎൽഎ പി ജെ ജോസഫിന്റെ അസാന്നിധ്യം വീണ്ടും ചർച്ചയായി. 

പ്രസ്തുത മണ്ഡലത്തിലെ പരിപാടിയിൽ ഔദ്യോഗീകമായി ക്ഷണം നൽകിയിരുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ക്ഷണം ലഭിച്ചിട്ടും പരിപാടിയിൽ നിന്ന് വിട്ടുനിന്നത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങൾ ഒന്നും എംഎൽഎയോ ബന്ധപ്പെട്ട ഓഫീസോ നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ എംഎൽഎ ഇന്നലെ തൊടുപുഴയിൽ തന്നെ മറ്റൊരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നവകേരള സദസിന്റെ തൊടുപുഴ നിയോജകമണ്ഡല സംഘാടക സമിതി ചെയർമാനായി സ്ഥലം എംഎല്‍എയായ പി ജെ ജോസഫിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകളിലും സർക്കാർ പരിപാടികളിലും സ്ഥലം എംഎൽഎ വിട്ടുനിൽക്കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വീണ്ടും പുതിയ വിവാദങ്ങൾ തലപൊക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് എംഎൽഎ ഓഫീസും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മുട്ടം തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലം എംഎൽഎയുടെയും എംപിയുടെയും അസാന്നിധ്യത്തെ നിശിതമായി വിമർശിച്ചിരുന്നു.ഉടുമ്പൻചോല നിയോജക മണ്ഡലം എംഎൽഎ എംഎം മണിയും സ്വന്തം നിയോജക മണ്ഡലത്തോട് പി ജെ ജോസഫ് കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. 

You may also like this video

Exit mobile version