Site iconSite icon Janayugom Online

ചെറിയ കുറ്റത്തിന് ജയിലിലാവുന്നവര്‍ വലിയ കുറ്റവാളികളായി മടങ്ങരുത്: മുഖ്യമന്ത്രി

ചെറിയ കുറ്റത്തിന് ജയിലിലാവുന്നവര്‍ വലിയ കുറ്റവാളികളായി മടങ്ങുന്ന സ്ഥിതി ജയിലുകളില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജയിലുകൾ അന്തേവാസികൾക്കു സുരക്ഷിതമായ വാസസ്ഥലമായിരിക്കണമെന്നും തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ശാരീരിക മർദ്ദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മർദ്ദം എന്നിവ ജയിലിലുണ്ടാവരുത്. ജയിൽ മോചിതരാകുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം വേണം. അവരോട് ഒരു തരത്തിലുള്ള വിവേചനവും പാടില്ല. പുതുതായി നിർമ്മിക്കുന്ന ജയിൽ കെട്ടിടങ്ങൾ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ളതായിരിക്കണം. ജയിൽ അന്തേവാസികളുടെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും ഇടപെടലും ആവശ്യമുണ്ട്. അന്തേവാസികൾക്ക് പൊതുചികിത്സാലയങ്ങളുടെ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കും. മാനസിക ചികിത്സാ സൗകര്യങ്ങളും കൗൺസലിംഗ് സേവനങ്ങളും കാലോചിതവും സമഗ്രവുമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ റിക്രിയേഷനു വേണ്ട അവസരങ്ങൾ നിലവിൽ ജയിലിലുണ്ട്. അവയുടെ പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ പരിശോധിക്കും. 

അന്തേവാസികൾക്ക് തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, ആരോഗ്യസുരക്ഷ, നിയമസഹായം, കൗൺസലിംഗ് എന്നിവ ലഭ്യമാക്കുന്നതിന് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള പദ്ധതികൾ വിഭാവനം ചെയ്യണം. ജയിലുകളിലെ ഫ്രീഡം ഫുഡ് ഫാക്ടറി, ഫ്രീഡം ഫ്യുവൽസ് തുടങ്ങിയ സംരംഭങ്ങൾ സ്വതന്ത്രരായ തടവുകാരുടെ പുനരധിവാസത്തിന് ഉതകുന്ന തൊഴിൽ മേഖലകളാക്കി മാറ്റണം. അന്തേവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നതും പരിഗണിക്കണം. ജയിൽ മോചിതരാകുന്ന വേളയിൽ അനാഥരാവുകയോ രോഗാവസ്ഥ മൂലം ആരും ഏറ്റെടുക്കാതെ വരികയോ ചെയ്യുന്നവർക്കായി ട്രാൻസിറ്റ് ക്യാമ്പുകൾ ആരംഭിക്കും. ജയിൽ ടൂറിസം പദ്ധതിയും ആലോചിക്കുന്നുണ്ട്. ജയിൽ ഉദ്യോഗസ്ഥരും അന്തേവാസികളും ജയിൽ സ്ഥാപനങ്ങളും മാത്രമുൾക്കൊള്ളുന്ന ഒരു അജൈവ പദ്ധതിയാണ് തിരുത്തൽ പ്രക്രിയ എന്ന പൊതുധാരണ മാറണം. തിരുത്തൽ പ്രക്രിയയിൽ പൊതുസമൂഹത്തിന് പ്രായോഗികവും മൂർത്തവുമായ സംഭാവനകൾ നൽകാൻ സാധിക്കും. ഈ കാഴ്ചപ്പാടോടെയാണ് സർക്കാർ ജയിൽ അഡ്വൈവസറി ബോർഡ് പദ്ധതി ആവിഷ്ക്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വി ശിവദാസൻ എംപി അധ്യക്ഷനായി. എംഎല്‍എമാരായ ഐ ബി സതീഷ്, കെ ശാന്തകുമാരി, ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ, ജയിൽ ഡിഐജി എം കെ വിനോദ് കുമാർ, നിയമ വകുപ്പ് സെക്രട്ടറി കെ ജി സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version