Site icon Janayugom Online

സര്‍ക്കാരിന്റെ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ല: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം.

വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. സ്കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്.

ഓഫീസുകളിലും പൊതു ജനസമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

ഒമിക്രോണ്‍ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണം. അതില്‍ വിട്ട് വീഴ്ചയുണ്ടാകരുത്.

രണ്ടാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണം. ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശംനല്‍കി. ഇതിന് അനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സ്കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. സ്കൂള്‍ പ്രവര്‍ത്തി സമയത്തിൽ തൽക്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

Eng­lish Sum­ma­ry: Those who do not co-oper­ate with the mea­sures will not be giv­en free treat­ment: CM

You may like this video also

Exit mobile version