Site iconSite icon Janayugom Online

തോട്ടപ്പള്ളി ഹംലത്ത് കൊലപാതകം; വഴിത്തിരിവായി പുതിയ കണ്ടെത്തൽ

അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ ഹംലത്തിൻറെ കൊലപാതകത്തിൽ വഴിത്തിരിവായി പുതിയ കണ്ടെത്തൽ.  കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട്  ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പ്രതികൾ മുൻ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്ന് പൊലീസ് കണ്ടെത്തി. ഇവർ മുൻപ് ഹംലത്തിൻറെ അയൽപ്പക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ്. ഇരുവരും പൊലീസ് പിടിയിലായി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

അമ്പലപ്പുഴ തോട്ടപ്പള്ളിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിനെ ഈ മാസം 17നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിലവിൽ റിമാൻഡിൽ കഴിയുന്ന അബൂബക്കർ സംഭവ ദിവസം  ഹംലത്തിൻറെ വീട്ടിലെത്തിയിരുന്നെങ്കിലും ഇയാൾ തിരിച്ചുപോയതിന് ശേഷമാണ് കൊലപാതകം നടന്നത്. അർധരാത്രിയോടെ വീട്ടിലെത്തിയ പ്രതികളായ മോഷ്ടാവും ഭാര്യയും അടുക്കള വാതിൽ മൺവെട്ടികൊണ്ട് തട്ടിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു.

ശബ്ദംകേട്ട് ബഹളം ഉണ്ടാക്കിയ ഹംലത്തിൻറെ കാല് മോഷ്ടാവിൻറെ ഭാര്യ ബലമായി പിടിയ്ക്കുകയും മോഷ്ടാവ് ഇവരെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. പിന്നീട് അലമാരിയിലുണ്ടായിരുന്ന കമ്മലും ഹംലത്തിൻറെ മൊബൈൽ ഫോണും ഇവർ കൈക്കലാക്കുകയായിരുന്നു.

ഹംലത്തിൻറെ മൊബൈൽ ഫോൺ കണ്ടുപിടിക്കാൻ കഴിയാത്തത് കേസിൽ വലിയൊരു വെല്ലുവിളിയായിരുന്നു. പിന്നീട് ഫോണിൽ മറ്റൊരു സിം ഉപയോഗിച്ച് പ്രവർത്തിപ്പിച്ചത് പൊലീസ് കണ്ടെത്തുകയായിരുന്നു. ഫോണിലെ ലൊക്കേഷൻ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ വ്യക്തമായത്.

Exit mobile version