Site icon Janayugom Online

അശ്ലീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണി: കോട്ടയത്ത് കൂട്ടുകാരിയും മാതാപിതാക്കളും 15 ലക്ഷം തട്ടിയെടുത്തു

സഹപാഠിയുടെ അശ്ലീല ഫോട്ടോ കൂട്ടുകാരിയും മാതാപിതാക്കളും ചേര്‍ന്ന് കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടി. ഫോട്ടോ മോശം സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ കൂട്ടുകാരിയും മാതാപിതാക്കളും ചേര്‍ന്ന് 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. മാഞ്ഞൂര്‍ പഞ്ചായത്തിലെ അപ്പന്‍ കവലയ്ക്കു സമീപം താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കും മാതാപിതാക്കള്‍ക്കും എതിരെയാണ് സഹപാഠിയുടെ മാതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരിയുടെ മകളും പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയും ഞീഴൂരിലെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും കൂട്ടുകാരികളുമാണ്. കൂട്ടുകാരിയുടെ അശ്ലീല ഫോട്ടോകള്‍ ചിലരുടെ കൈവശമുണ്ടെന്നും ഇത് മോശം സൈറ്റുകളില്‍ ഇടാതിരിക്കാന്‍ അവര്‍ക്ക് പണം നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയെ പലതവണ ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. ഭയന്നുപോയ കുടുംബം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി പണം നല്‍കി. പലതവണയായി 15 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിച്ചെടുത്തതായി പരാതിയില്‍ പറയുന്നു.

കൂട്ടുകാരിയുടെയും കുടുംബത്തിന്റെയും ഭീഷണി ഏറിയതോടെ മകള്‍ പഠിപ്പ് നിര്‍ത്തുകയും വീടിനു പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയും ചെയ്യുന്ന സ്ഥിതി വന്നതോടെയാണ് മാതാവ് പരാതി നല്‍കിയത്. പൊലീസ് പരാതിക്കാരിയുടെയും മകളുടെയും മൊഴിയെടുത്തു.

Eng­lish sum­ma­ry; Threat of pub­lish­ing obscene pho­to: Friends and par­ents extort­ed 15 lakhs in Kottayam

You may also like this video;

Exit mobile version