പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുനേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത്. ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പാര്‍ട്ടി ഓഫീസിലെ വിലാസത്തില്‍ കത്ത് ലഭിച്ചത്. നാല് ദിവസം മുമ്പ് കത്ത് എഡിജിപി ഇന്റലജൻസിന് കൈമാറി. എറണാകുളം കലൂര്‍ കടവന്ത്ര സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്. കത്തിന്റെ ഉറവിടം തേടി അന്നുതന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കത്തില്‍ കണ്ട മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ട് ആളെ ചോദ്യം ചെയ്തു. അയാള്‍ക്ക് ഇതില്‍ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും അന്വേഷണം ഗൗവരത്തോടെ തുടരാനാണ് പൊലീസ് നീക്കം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് സുരക്ഷ കര്‍ശനമാക്കണമെന്ന് ചൂണ്ടിക്കാട്ടി എഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് ദൃശ്യമാധ്യമങ്ങള്‍ക്ക് ഈ വിവരം ലഭ്യമായത്. പൊലീസിന്റെ സ്വതന്ത്രമായ അന്വേഷണത്തെ വകവയ്ക്കാതെ കത്തില്‍ പരാമര്‍ശിക്കുന്നയാളെ കണ്ടെത്തി ദൃശ്യമാധ്യമങ്ങള്‍ സംവദിക്കുകയും അയാളല്ല കത്തിന്റെ പിന്നിലെന്ന് റിപ്പോര്‍ട്ടും നല്‍കി.
കത്തയച്ചത് തങ്ങളുടെ അയല്‍ക്കാരനായിരിക്കാമെന്നും വൈരാഗ്യം മൂലം അച്ഛനെ കുടുക്കാനുള്ള ബോധപൂര്‍വമായി കത്തയച്ചതാവാമെന്നും ജോസഫ് ജോണിന്റെ മകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പള്ളിയിലെ തര്‍ക്കമാണ് കത്തിന് പിന്നിലെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ആരോപണ വിധേയനായ സേവ്യര്‍ എന്ന ആളെയും ദൃശ്യമാധ്യമങ്ങള്‍ സമീപിച്ചു. അയാളും ആരോപണം നിഷേധിച്ചിരിക്കുകയാണ്. പള്ളിയിലെ വരിസംഖ്യ പിരിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംസാരങ്ങളുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ഉണ്ടായ ആ സംസാരം അന്ന് അവിടെ അവസാനിച്ചതായിരുന്നു. അതിന്റെ പേരില്‍ പ്രധാനമന്ത്രിപോലെ ഇത്രയും വലിയ വ്യക്തിയെ ഉള്‍പ്പെടുത്തി ഇങ്ങനെയൊരു കത്ത് എഴുതേണ്ട കാര്യമില്ലെന്നും സേവ്യര്‍ മൃശ്യമാധ്യമങ്ങളിലൂടെ പറയുന്നു.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വന്ന വധഭീഷണി കത്ത് കേരള പൊലീസ് അതീവ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. കേരളത്തില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന ആരോപണം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുതുടങ്ങിയതും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഡിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്റലിജൻസ് എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടില്‍ സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരിക്കുന്നുണ്ട്. കത്തിന്റെ കൂടി പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷ ഒരുക്കണമെന്നാണ് എഡിജിപിയുടെ നിർദ്ദേശം. നാളെ വൈകിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. 25ന് തിരുവനന്തപുരത്തും എത്തും.
English Sammury: Threat of suicide attack on Prime Minister Narendra Modi