Site icon Janayugom Online

ഐഎന്‍എസ് വിക്രാന്തിന് ഭീഷണി; എൻഐഎ കേസ് ഏറ്റെടുത്തേക്കും

ഷിപ്പ് യാർഡിൽ നിർമാണം പുരോഗമിക്കുന്ന നാവിക സേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്ത് തകർക്കുമെന്ന അജ്ഞാത ഇ മെയിൽ സന്ദേശത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കപ്പൽശാലയുമായി അടുത്ത ബന്ധമുളളവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കുറ്റവാളികളായവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് എൻഐഎ കേസ് ഏറ്റെടുത്തേയ്ക്കും. അതീവ സുരക്ഷാ പ്രാധാന്യമുള്ള വിഷയമായതുകൊണ്ട് അന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്ന നിലപാടാണ് പൊലീസിനുമുള്ളത്. ഇത് സംബന്ധിച്ച ശുപാർശ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനൊപ്പം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. 

കപ്പൽശാലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാകാം ഇ മെയിൽ സന്ദേശം അയച്ചിരിക്കുന്നത് എന്ന് ഉള്ളടക്കത്തിൽ നിന്ന് തന്നെ മനസിലാക്കാം. കപ്പൽശാലയുമായി ബന്ധപ്പെട്ട് ജോലി നോക്കുന്ന ഒന്നിലധികം ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. ഇന്റർനെറ്റ് പ്രോട്ടോകോൾ നമ്പർ (ഐ പി അഡ്രസ്) കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. വിലാസം തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ പ്രോട്ടോൺ വിഭാഗത്തിൽപെട്ട മെയിലാണ് ലഭിച്ചിട്ടുള്ളത്. കൊച്ചിൻ ഷിപ്പ്‌യാർഡ് നൽകിയ പരാതിയെ തുടർന്ന് നിലവിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള സൈബർ ആക്രമണം ലക്ഷ്യമിട്ടായിരിക്കാം വിക്രാന്തിനെ ഉന്നംവയ്ക്കുന്നതെന്നും സംശയിക്കുന്നുണ്ട്. 

ഭീഷണി ലഭിച്ചതിന് പിന്നാലെ കൊച്ചി കപ്പൽശാലയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വിക്രാന്തിന് സമീപത്തായി നങ്കൂരമിട്ടിരിക്കുന്ന മറ്റ് നാല് കപ്പലിലും പൊലീസ് നായയെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. വിവിധ കേന്ദ്ര ഏജൻസികൾ കപ്പൽശാലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ മാസമാണ് വ്യാജ രേഖയുണ്ടാക്കി കപ്പൽശാലയിൽ കടന്നു കൂടിയ അഫ്ഗാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പിടിയിലായ അഫ്ഗാൻ പൗരൻ പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തും ജോലി നോക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വിക്രാന്തിനെതിരെയുള്ള ഭീഷണി സന്ദേശം എത്തിയത്.

ENGLISH SUMMARY:Threat to INS Vikrant; The NIA may take over the case
You may also like this video

Exit mobile version