Site iconSite icon Janayugom Online

ട്വിറ്റര്‍ ഓഫിസ് പൂട്ടിക്കുമെന്ന് മോഡി സര്‍ക്കാരിന്റെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സിഇഒ

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ ട്വിറ്റര്‍ അക്കൗണ്ടി പൂട്ടിക്കുന്നതിന് തങ്ങള്‍ക്കുമേല്‍ നരേന്ദ്രമോഡി സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍ സിഇഒ ജാക്ക് ഡോര്‍സി. വഴങ്ങിയില്ലെങ്കില്‍ ട്വിറ്ററിന്റെ ഓഫീസ് തന്നെ പൂട്ടിക്കുമെന്നും ജീവനക്കാരുടെ ഓഫീസില്‍ റെയ്ഡ് നടത്തുമെന്നും  ഭീഷണി മുഴക്കിയതായും ജാക്ക് ഡോര്‍സി വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാക്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ട്വിറ്റര്‍ തലപ്പത്തിരുന്ന കാലത്ത് വിദേശ ഭരണകൂടങ്ങളില്‍ നിന്ന് സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ്  ഇന്ത്യയിലെ ഭരണകൂട ഇടപെടലിനെക്കുറിച്ച് ജാക്ക് തുറന്നുപറഞ്ഞത്. 2021 ഫെബ്രുവരില്‍ കര്‍ഷകസമരം രൂക്ഷമായ ഘട്ടത്തില്‍ 1,200 ഹാന്‍ഡിലുകള്‍ നീക്കംചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. കര്‍ഷകസമരവുമായി ബന്ധമുള്ള അക്കൗണ്ടുകളായിരുന്നു ഇവ. പാകിസ്താന്‍, ഖലിസ്താന്‍ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി, അവ അടച്ചുപൂട്ടണമെന്നായായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

കര്‍ഷകസമരവുമായും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് പല ആവശ്യങ്ങളുമായി സമീപിച്ച രാജ്യമാണ് ഇന്ത്യയെന്ന് ജാക്ക് പറയുന്നു. ‍ട്വിറ്ററിന്റെ വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടുമെന്നടക്കമുള്ള ഭീഷണിയുണ്ടായി. അവര്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു പറഞ്ഞത്. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാത്തതിനാലാണ് ഇന്ത്യയില്‍ ട്വിറ്ററിന്റെ ജീവനക്കാരുടെ കേന്ദ്രങ്ങളില്‍ അവര്‍ റെയ്ഡ് നടത്തിയതെന്നും ജാക്ക് പറഞ്ഞു.

അതേസമയം ജാക്ക് ഡോര്‍സി പറയുന്നത് നുണയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഡോർസിയും അദ്ദേഹത്തിന്റെ ടീമും ഇന്ത്യൻ നിയമത്തിന്റെ തുടർച്ചയായ ലംഘനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

Eng­lish Sam­mury: india twit­ter will be shut down says ex ceo jack dorsey threat­ened by cen­tral government

Exit mobile version