ബിഹാറിലെ കൈമുർ ജില്ലയിൽ മൊഹാനിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മുത്താനി പ്രദേശത്ത് ഓട്ടോ റിക്ഷയും ട്രക്കും കൂട്ടിയിടിച്ച് അപകടം. പ്രയാഗ് രാജിൽ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 3 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഞ്ചു സിംഗ്, ദീപക് കുമാർ, രാജ്കുമാർസിംഗ് എന്നിവരാണ് മരിച്ചത്. അഞ്ചലി കുമാർ, കാഞ്ചൻ സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. വിവരം ലഭിച്ചയുടൻ തന്നെ മൊഹാനിയ പൊലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ചികിത്സക്കായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സദാർ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.
ഓട്ടോ റിക്ഷ ഡ്രൈവർ ഉറങ്ങിയത് മൂലമാണ് ട്രക്കുമായി കൂട്ടിയിടിച്ചതെന്നും ഓട്ടോയിലുണ്ടായിരുന്നവർ ഒറംഗബാദ് സ്വദേശികളായിരുന്നുവെന്നും മൊഹാനി പൊലീസ് സ്റ്റേഷനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രിയേഷ് പ്രിയ ദർശി പറഞ്ഞു.

