Site icon Janayugom Online

ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ മൂന്ന് പേർ അറസ്റ്റിൽ

മാത്തോട്ടം സ്വദേശിയെ മർദ്ദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്തവർക്ക് സഹായം നൽകിയ മൂന്നുപേര്‍ പിടിയില്‍. പയ്യാനക്കൽ തിരുത്തി വളപ്പ് ചക്കുങ്ങൽ അൻഫാൽ (28), ചക്കുംകടവ് എടയുളംപറമ്പ് സുഷീർ (33), നടുവട്ടം യൂപ്പിനിയകം പറമ്പ് ഫിറോസ് മൻസിലിൽ ഫിറോസ് (39) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് എസ്ഐ ശശികുമാറും ചേർന്നാമ് ഇവരെ അറസ്റ്റുചെയ്തത്.

സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ കർണ്ണാടകത്തിലെ ഒളിത്താവളത്തിലേക്ക് രക്ഷപ്പെടുന്നതിനിടെ ഉടുപ്പിയിൽ വച്ച് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലണ് സഹായങ്ങൾ നൽകിയവരെ കുറിച്ച് സൂചന ലഭിച്ചത്. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും, ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും, സംഭവസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയത്. സംഭവത്തിനു ശേഷം യുവാവിന്റെ കൈയ്യിൽ നിന്നും കവർന്ന മൊബൈൽ ഫോൺ, കടലിലെറിഞ്ഞ് നശിപ്പിപ്പിച്ചതിനും ക്വട്ടേഷൻ പ്രതിഫലത്തുകയിൽ 20, 000 രൂപ സംഘത്തിന് നൽകുകയും ചെയ്തതിനാണ് അൻഫാലിനെ അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികളെ നടുവട്ടം ചേനോത്ത് സ്കൂളിന് അടുത്തുള്ള ഫിറോസ് തന്റെ വീട്ടിലാണ് അഞ്ച് ദിവസത്തോളം ഒളിവിൽ താമസിപ്പിച്ചത്. ഈ കേസിലാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.

പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോള്‍ പ്രതികൾ കേരളം വിടുന്നതിനായി പദ്ധതിയിടുകയായിരുന്നു. ഇവർക്ക് സംസ്ഥാനം വിടുന്നതിനായി പുതിയ മൊബൈൽ ഫോണും സിം കാർഡും വാങ്ങി നല്കുകയും മറ്റു സഹായങ്ങൾ നല്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് സുഷീറിനെ അറസ്റ്റ് ചെയ്തത്. നാട്ടിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുന്നതിനായി ഇടനിലക്കാരനായി പ്രവൃത്തിച്ചതും സുഷീറായിരുന്നു.
ജില്ലയിൽ ഗുണ്ട‑ക്വട്ടേഷൻ സംഘങ്ങളുടെ ലിസ്റ്റുകൾ തയ്യാറാക്കി ആവശ്യമായവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും, ഇവരെ സഹായിക്കുന്നവരെയും രഹസ്യമായി നിരീക്ഷിക്കുന്നതിനായി ഒരു സംഘത്തെ തന്നെ നിയമിച്ചതായും ജില്ല പോലീസ് മേധാവി പറഞ്ഞു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, സീനിയർ സിപിഒ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിപിഒ മാരായ സുമേഷ് ആറോളി, അർജ്ജുൻ അർജ്ജുനപുരി, മാറാട് സ്റ്റേഷനിലെ എസ് സി പി ഒ മാമുക്കോയ, സൈബർ സെല്ലിലെ പി കെ വിമീഷ്, രാഹുൽ മാത്തോട്ടത്തിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Eng­lish Sum­ma­ry: Three peo­ple were arrest­ed in Kozhikode
You may also like this video

Exit mobile version