Site iconSite icon Janayugom Online

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ വോട്ടെണ്ണല്‍ തുടങ്ങി

ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളില്‍ നിന്നുള്ള ആദ്യ സൂചനകള്‍ അനുസരിച്ച് ത്രിപരയില്‍ 15 സീറ്റുകളില്‍ ബിജെപിയും 11 സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും മുന്നിലാണ്. മേഖാലയയില്‍ കോൺറാഡ് സാങ്മയുടെ എന്‍പിപി 28 സീറ്റുകളിലും ബിജെപി 10 സീറ്റിലും ലീഡ് ചെയ്യുന്നു. നാഗാലാന്‍ഡില്‍ 21 ഇടത്ത് ബിജെപിക്കാണ് മുന്നേറ്റം. വോട്ടിങ് മെഷിനുകളുടെ ഫലം പുറത്തുവരാനിരിക്കുന്നതേയുള്ളു.

വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനങ്ങളിൽ ഒരുക്കിയിരിക്കുന്നത്. നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി സഖ്യം അധികാരം നിലനിര്‍ത്തുമെന്നും മേഘാലയയില്‍ എൻപിപി വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് എക്സിറ്റ് പോൾ സർവേകളിലെ പ്രവചനം. അതേസമയം ഇടത് സഖ്യം ത്രിപുരയില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍. മേഘാലയയില്‍ തൂക്ക് മന്ത്രിസഭയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്താന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോൺറാഡ് സാങ്മയുമായി കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പിന് മുമ്പ് അഴിമതി ആരോപിച്ച് എന്‍പിപിയുമായുള്ള സഖ്യം പിരിഞ്ഞ ബിജെപി തനിച്ച് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ത്രിപുരയില്‍ കഴിഞ്ഞ മാസം 16നാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റ് രണ്ട് സംസ്ഥാനങ്ങളിലും 27നായിരുന്നു വോട്ടെടുപ്പ്. 60 സീറ്റുകളാണ് മൂന്ന് സംസ്ഥാനങ്ങളിലും ഉള്ളത്. ഒരു സീറ്റിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ നാഗാലാന്‍ഡിലും യുഡിപി സ്ഥാനാര്‍ത്ഥി അന്തരിച്ചതിനെ തുടര്‍ന്ന് മേഘാലയയിലും 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ആരംഭിച്ചു.

 

Eng­lish Sam­mury: thripu­ra megha­laya, naga­land elec­tion results 2023

 

Exit mobile version