സംസ്ഥാനത്ത് ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കും. അടുത്ത വര്‍ഷം മാർച്ച് 30ന് സമ്പൂർണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷിയോഗം ക്യാമ്പയിന് പൂർണപിന്തുണ പ്രഖ്യാപിച്ചു. മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് ക്യാമ്പയിന്‍ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനം ചെയ്യേണ്ട മാതൃകാസ്ഥലങ്ങൾ ഏതൊക്കെയെന്ന് സെപ്റ്റംബർ 20നകം പ്രസിദ്ധപ്പെടുത്തും. ആവശ്യമായ മുന്നൊരുക്കങ്ങൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും. ഇതിന് മുന്നോടിയായി അയൽക്കൂട്ടങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങൾ, സർക്കാർ, പൊതുമേഖലാ ഓഫിസുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ ഹരിതമായി മാറണം. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ് വസ്തുക്കൾ ഹരിതകർമ്മസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യ സംസ്കരണത്തിന് ആവശ്യമായ പ്ലാന്റുകൾ സ്ഥാപിക്കണം.
ജലസ്രോതസും നീർച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയിൽ ലാന്റ് ഫില്ലുകൾ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം. പാഴ്‌വസ്തു ശേഖരണം, ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ, ശേഖരിച്ചവ സംഭരിക്കൽ, പാഴ്‌വസ്തുക്കൾ നീക്കം ചെയ്യൽ, സാനിറ്ററി മാലിന്യ സംസ്കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്കരണം, ലെഗസി മാലിന്യം നീക്കം ചെയ്യൽ, ഗാർബേജ് വൾനറബിൾ പോയിന്റുകൾ നീക്കം ചെയ്യൽ, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്കരണം, എൻഫോഴ്സ്മെന്റ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയിൽ വിടവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കും.
English Summary;Through Garbage Free New Kerala Campaign
You may also like this video