Site icon Janayugom Online

സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് നീക്കി തമിഴ്‌നാട് ഗവര്‍ണര്‍

വകുപ്പില്ലാ മന്ത്രി സെന്തില്‍ ബാലാജിയെ തമി‌ഴ‌്നാട് മന്ത്രിസഭയില്‍ നിന്നും പുറത്താക്കി ഗവര്‍ണര്‍ ആര്‍ എൻ രവി. മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ആലോചിക്കാതെയാണ് ഗവര്‍ണറുടെ ഏകപക്ഷീയമായ നടപടി. അസാധാരണ നടപടി ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സെന്തില്‍ ബാലാജി മന്ത്രി സ്ഥാനത്ത് തുടരുന്നത് നിയമന കോഴ കേസിലെ അന്വേഷണത്തെ ബാധിക്കുമെന്ന പേരിലാണ് ഗവര്‍ണറുടെ അസാധാരണ നീക്കം.

നിയമന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജി നിലവില്‍ റിമാന്‍ഡിലാണ്. ഇതോടെ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കി സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ നിലനിര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഈ തീരുമാനം അംഗീകരിക്കാന്‍ ആദ്യം മടിച്ചുവെങ്കിലും ഗവര്‍ണര്‍ പിന്നീട് വഴങ്ങുകയായിരുന്നു. 2011–2015 കാലയളവില്‍ എഐഎഡിഎംകെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന ആരോപണമാണ് സെന്തില്‍ ബാലാജിക്കെതിരെയുള്ളത്.

ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് മുന്നിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇന്നലെ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടുകയായിരുന്നു. 18 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ജൂൺ 13നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബാലാജിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ മറികടന്നുള്ള പ്രവര്‍ത്തനമാണ് ഗവര്‍ണര്‍ നടത്തിവരുന്നതെന്ന് ഡിഎംകെ നേതാവ് എ ശരവണന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന കോമാളിയാണ് ആര്‍ എന്‍ രവിയെന്നും നിയമവിരുദ്ധമായ ഉത്തരവിന് കടലാസിന്റെ വിലപോലും ഇല്ലെന്നും ശരവണന്‍ പറഞ്ഞു.

Eng­lish Sum­ma­ry: TN Gov­er­nor R N Ravi dis­miss­es jailed Senthil Bal­a­ji from Coun­cil of Ministers
You may also like this video

Exit mobile version