അണയാത്ത നക്ഷത്രമായ വി എസ് ഇനി രണസ്മരണകളുമായി ജന്മനാടായ ആലപ്പുഴയിലേക്ക്. സെക്രട്ടറിയറ്റിൽ നിന്നും ഉച്ച കഴിഞ്ഞ് 2.30ന് ആണ് വിലാപയാത്ര ആരംഭിച്ചത്. ഓരോ കേന്ദ്രവും പിന്നിടാൻ നിശ്ചയിച്ചതിലും കൂടുതൽ സമയം വേണ്ടിവന്നു. അത്രയേറെ ജനങ്ങളാണ് കനത്ത മഴയിലും തൊണ്ട പൊട്ടുമാറ് മുഴങ്ങുന്ന മുദ്രാവാക്യങ്ങളുമായി വഴികളിൽ അശ്രുപൂജക്കായി കാത്തുനിന്നത്.
സ്‌ത്രീകളും കുട്ടികളും വയോധികരുമെല്ലാം ഉള്‍പ്പെടെ ആയിരങ്ങളാണ് വി എസിന് വഴിയരികിൽ കണ്ണീർ പൂക്കൾ അർപ്പിക്കുന്നത്. വിലാപയാത്ര ഇപ്പോൾ ഉള്ളൂർ പിന്നിട്ടു. വി എസിന്റെ നിര്യാണമറിഞ്ഞ് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലും തുടർന്ന് ഇന്ന് പൊതുദർശനം നടന്ന ദർബാർഹാളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. ജനങ്ങൾക്ക് വേണ്ടി ജീവിച്ച പോരാട്ടങ്ങളുടെ നേതാവിനെ വിട്ടുപിരിയാൻ ആ ജനങ്ങളും തയാറായിരുന്നില്ല. വി എസിനെ നെഞ്ചിലേറ്റിയ അനേകം അനേകമാളുകളാണ് റോഡിന്റെ ഇരു വശവും കാത്തു നിൽക്കുന്നത്. എത്ര മണിക്കൂറുകൾ പിന്നിട്ടാലും പ്രിയ നേതാവിനെ ഒരു നോക്കു കാണാതെ മടങ്ങനാവില്ല എന്നുറപ്പിക്കുകയാണ് ജനങ്ങൾ.
ഫോട്ടോ : രാജേഷ് രാജേന്ദ്രൻ

