സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഒരുമിച്ച് നില്‍ക്കാനും കേന്ദ്രത്തിന് സംയുക്തമായി നിവേദനം നൽകാനും എംപിമാരുടെ യോഗം തീരുമാനിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനതാല്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുമെന്ന് എംപിമാർ അറിയിച്ചു.
സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം ലഭിക്കുന്നതിന് ഒന്നിച്ചുള്ള ശ്രമങ്ങൾക്ക് തയ്യാറാണെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാനാവണമെന്നും വേണുഗോപാലിന്റെ വാഗ്ദാനം പൂർണ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രപദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിനും ഫണ്ട് വിനിയോഗത്തിനും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എംപിമാരെ അറിയിച്ചു. നിലവിലെ പ്രശ്നങ്ങൾ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെന്റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ശരാശരി 16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന വിഹിതമുണ്ടായിരുന്ന സ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാ നിയമം പാസാക്കിയതിനു ശേഷം 14.25 ലക്ഷം ടൺ അരി മാത്രമാണ് ലഭിക്കുന്നത്. ഒരു മാസം വിതരണം ചെയ്യുന്ന അരിക്ക് പരിധി നിശ്ചയിച്ചതും അധികമായ വിതരണത്തിന് പിഴ നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ താല്പര്യത്തിന് യോജിച്ചതല്ല. ഇത് തിരുത്താന്‍ ഇടപെടണം. കോഴിക്കോട് കിനാലൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിന് സമ്മർദം ചെലുത്തും. ദേശീയ ആരോഗ്യ മിഷൻ പദ്ധതി വിഹിതത്തിൽ കഴിഞ്ഞതവണത്തെ 1000 കോടിയോളം രൂപ ലഭിക്കാനാവശ്യമായ സമ്മർദം ചെലുത്തും.
എറണാകുളം ആലുവയില്‍ ഗ്ലോബൽ സിറ്റി പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിനുള്ള ഭരണാനുമതിയടക്കം സംസ്ഥാന സർക്കാർ നൽകിയിരുന്നു. പദ്ധതി നിർത്തിവയ്ക്കാനുള്ള കേന്ദ്രതീരുമാനം തിരുത്തിക്കാൻ ഇടപെടൽ നടത്തും. തിരുവനന്തപുരം തോന്നയ്ക്കലിൽ കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി ചേർന്ന് ആരംഭിക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരമേറിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ട് കത്തുകൾ കേന്ദ്ര ധനകാര്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിൽക്കണ്ടും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
English Summary: To protect the interest of the state; Will stay together
You may also like this video