Site icon Janayugom Online

നാളെ സ്കൂളിലേക്ക്; വാക്സിനെടുക്കാത്ത അധ്യാപകര്‍ വരണ്ട: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ നാളെ തുറക്കും. ഒന്നുമുതല്‍ ഏഴുവരെയും 10, പ്ലസ്ടു ക്ലാസുകളുമാണ് ആരംഭിക്കുന്നത്. 15 ഓടെ എല്ലാ ക്ലാസുകളും തുടങ്ങും. ആദ്യത്തെ രണ്ടാഴ്ച ഹാജര്‍ നിര്‍ബന്ധമല്ല.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു ഉത്കണ്ഠയും വേണ്ടെന്നും സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ സ്കൂളുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനോത്സവം സംഘടിപ്പിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ യുപിഎസില്‍ നടക്കും.
ഒരു മാസക്കാലം നീണ്ടുനിന്ന മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത്. വിവിധ തലങ്ങളിലെ യോഗങ്ങള്‍ക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തു. കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതുജനങ്ങള്‍ എല്ലാ പിന്തുണയും സഹായങ്ങളും ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
ഓരോ ജില്ലകളിലും പ്രത്യേക ടീമുകൾക്ക് രൂപം നൽകി എല്ലാ സ്കൂളുകളും പരിശോധിച്ചു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി. കേരളത്തിലെ 32,000‑ത്തില്‍ പരം ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്. 24,300 തെർമൽ സ്കാനറുകൾ സ്കൂളുകളിൽ വിതരണം ചെയ്തു. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. രണ്ടുമാസത്തെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവുകൾക്കായി 105.5 കോടി രൂപയും മുൻകൂറായി ലഭ്യമാക്കി. നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഓണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി അനുവദിച്ചു.
സ്കൂള്‍ സമയം കഴിഞ്ഞാല്‍ ഉച്ചയ്ക്ക് ശേഷം ഓണ്‍ലൈന്‍ ക്ലാസും ഉണ്ടായിരിക്കും. ഒരാഴ്ചയ്ക്ക് ശേഷം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. രണ്ടാഴ്ച കഴിഞ്ഞ് ടൈംടേബിള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

 

അധ്യാപകര്‍ക്ക് വാക്സിന്‍ നിര്‍ബന്ധം

 

തിരുവനന്തപുരം: എല്ലാ അധ്യാപകരും നിർബന്ധമായും കോവിഡ് വാക്സിന്‍ എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യര്‍ത്ഥിച്ചു. 2282 അധ്യാപകർ ഇനിയും വാക്സിൻ എടുത്തിട്ടില്ല. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിൽ എത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആകെ 15,452 സ്കൂളുകളാണുള്ളത്. ജില്ലകളിൽനിന്ന് സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്നസ് ലഭിക്കാനുള്ള സ്കൂളുകളുടെ എണ്ണം 446 ആണ്. സംസ്ഥാനത്ത് 1,474 സ്കൂളുകളിൽ സ്കൂൾ ബസുകൾ ഇനിയും പ്രവർത്തനക്ഷമമാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: To school tomor­row; Vac­cine is manda­to­ry for teachers

Exit mobile version