Site iconSite icon Janayugom Online

ആവേശാന്ത്യത്തിലേക്ക്; റൂട്ടിനും ബ്രൂക്കിനും സെഞ്ചുറി

ഇന്ത്യക്കെതിരായ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി ഹാരി ബ്രൂക്കും ജോറൂട്ടും ബ്രൂക്ക് 111 റണ്‍സും റൂട്ട് 105 റണ്‍സുമെടുത്ത് പുറത്തായി. ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയിക്കാന്‍ 35 റണ്‍സ് ബാക്കി നില്‍ക്കെ വെളിച്ചക്കുറവ് മൂലം മത്സരം തടസപ്പെട്ടു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നലെ ബാറ്റിങ്ങിനിറങ്ങിയത്. അര്‍ധസെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിനെയാണ് ഇന്നലെ ആദ്യം നഷ്ടമായത്. 54 റണ്‍സെടുത്ത താരത്തെ പ്രസിദ്ധ് കൃഷ്ണ രാഹുലിന്റെ കയ്യിലെത്തിച്ചു. അധികം വൈകാതെ ഒലി പോപ്പിനെ(27)യും നഷ്ടമായി. എന്നാല്‍ പിന്നീടൊരുമിച്ച ജോ റൂട്ട്-ഹാരി ബ്രൂക്ക് സഖ്യം 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ ബ്രൂക്ക് പുറത്തായി. ജേക്കബ് ബേഥല്‍ (അഞ്ച്) നിരാശപ്പെടുത്തി. പിന്നാലെ റൂട്ടും പുറത്തായി. ജാമി സ്മിത്തും (രണ്ട്), ജാമി ഓവര്‍ടണും (0) ക്രീസില്‍ നില്‍ക്കെ വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം തടസപ്പെട്ടു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 224ന് പുറത്തായിരുന്നു. മലയാളി താരം കരുണ്‍ നായരാണ് (57) ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ഗുസ് അറ്റികിന്‍സന്‍ അഞ്ച് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 247ന് ഇന്ത്യ ഓള്‍ഔട്ടാക്കി. 64 റണ്‍സ് നേടിയ സാക്ക് ക്രൗളിയാണ് ടോപ് സ്കോറര്‍. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സെഞ്ചുറി നേടി. 118 റണ്‍സെടുത്താണ് താരം പുറത്തായത്. നൈറ്റ്‌വാച്ച്മാനായിറങ്ങിയ ആകാശ് ദീപ് (66) അര്‍ധസെഞ്ചുറിയുമായി തിളങ്ങി. രവീന്ദ്ര ജഡേജയും (53), വാഷിങ്ടണ്‍ സുന്ദറും (53) അര്‍ധസെഞ്ചുറി നേടി ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇതോടെ 396 റണ്‍സിന് പുറത്തായ ഇന്ത്യ 373 റണ്‍സിന്റെ ലീഡും വിജയലക്ഷ്യവുമുയര്‍ത്തി. നേരത്തെ 2–1ന് പരമ്പരയില്‍ ഇംഗ്ലണ്ടായിരുന്നു മുന്നില്‍. പരാജയപ്പെടുകയോ സമനിലയാകുകയോ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. 

Exit mobile version