Site iconSite icon Janayugom Online

കെഎസ്​ആർടിസി ഡിപ്പോകളിൽ ഇന്ന്; പാഴ്​സൽ- കൊറിയർ സർവീസിന്​ തുടക്കം: ബോക്സ്​ നിരക്ക്​ ഇങ്ങനെ

KSRTCKSRTC

ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ കൊറിയർ സർവീസിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തിൽ ജില്ലയിലെ കോട്ടയം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി എന്നി ഡിപ്പോകളിലാണ് കെഎസ്​ആർടിസി ലോജിസ്റ്റിക്സ്​ എന്ന പേരിൽ കൊറിയർ‑പാഴ്​സൽ സർവ്വീസ് ആരംഭിക്കുന്നത്. കെഎസ്ആർടിസി സ്​റ്റേഷൻ മാസ്റ്റർ ഓഫീസിനോട്​ ചേർന്നാകും ഇതിനുള്ള കൗണ്ടർ. ഇവിടെയെത്തി പൊതുജനങ്ങൾക്ക് പാഴ്​സലുകൾ അയക്കാം. ഇതിനായി ജീവനക്കാരെയടക്കം നിയമിച്ചുകഴിഞ്ഞു. കോട്ടയം ഡിപ്പോയിൽ 24 മണിക്കൂറും മറ്റിടങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പത്​ വരെയാകും പ്രവർത്തനം. മുണ്ടക്കയത്ത്​ പഞ്ചായത്ത്​ സ്റ്റാന്റിലാണ്​ കെഎസ്ആർടിസി സ്​റ്റേഷൻ മാസ്റ്റർ ഓഫീസ്​ പ്രവർത്തനം. ഇതിനോട്​ ചേർന്നാകും കൊറിയർ സർവീസും. ഇതിനായി കെഎസ്ആർടിസി ​ പഞ്ചായത്ത്​ അനുമതി നൽകി. 

സോഫ്​റ്റ്​വെയർ സംവിധാനം പൂർണമാകാത്തതിനാൽ ആദ്യദിവസങ്ങളിൽ ജീവനക്കാർ നേരിട്ടാകും ഇവ കൈകാര്യം ചെയ്യുക. അടുത്തഘട്ടത്തിൽ പൂർണമായും ഓൺലൈനിലാകും. ഇതോടെ കൊറിയറിനെ ഓൺലൈനായി ട്രാക്ക്​ ചെയ്യാനുള്ള സംവിധാനമടക്കം ലഭ്യമാകും. ഓരോ ഡിപ്പോകൾക്കും പ്രത്യേകം ഫോൺ നമ്പറുകളും സജ്ജമാകും.കഴിഞ്ഞദിവസം സംസ്ഥാനതല ഉദ്​ഘാടനം നടന്നതിനുപിന്നാലെ നിരവധി അന്വേഷണങ്ങൾ വന്ന സാഹചര്യത്തിലാണ്​ തിങ്കളാഴ്ച പ്രവർത്തനത്തിന്​ തുടക്കമിടുന്നതെന്ന്​ കെഎസ്ആർടിസി ലോജിസ്റ്റിക്സ് വിഭാഗം ജീവനക്കാർ പറഞ്ഞു.

അടുത്തയാഴ്ചയോടെ പ്രവർത്തനം പൂർണമായും ഓൺലൈനിലൂടെയാകുമെന്നും ഇവർ പറഞ്ഞു.കെഎസ്ആർടിസി ജീവനക്കാരെ തന്നെയാണ്​ കൊറിയർ സർവ്വീസിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്​. കോട്ടയത്ത്​ രണ്ടുപേരും മറ്റിടങ്ങളിൽ ഒരോത്തരും വീതമാണുണ്ടാവുക. അടുത്തഘട്ടത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. ഓഫീസിലെത്തിക്കുന്ന കൊറിയറുകളും പാഴ്​സലുകളും ജീവനക്കാർ ബസിൽ കയറ്റും. ഇതിന്റെ വിവരം​ കണ്ടക്ടർക്കും കൈമാറും. നൽകേണ്ട പോയിന്റിലെ കെഎസ്ആർടിസി സ്റ്റാന്റിൽ ഇവ കൈമാറും. ഇവിടുത്തെ ജീവനക്കാർ പാഴ്​സൽ എത്തിയകാര്യം ഉടമസ്ഥനെ ഫോണിലൂടെ അറിയിക്കും. ഉടമയ്ക്ക്​ ഡിപ്പോയിലെ കൗണ്ടറിലെത്തി വാങ്ങാം. പാഴ്സൽ ശേഖരിക്കുവാൻ തിരിച്ചറിയിൽ കാർഡ് ആവശ്യമാണ്. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. 

അടുത്തഘട്ടമായി വീടുകളിലും ഓഫീസുകളിലും നേരിട്ട്​ എത്തിക്കും.ആദ്യഘട്ടത്തിൽ കേരളത്തിലെ 56 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തുന്നത്. കേരളത്തിന്​ പുറമേ ബംഗളൂരു മൈസൂർ, തെങ്കാശി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാക്കും നിലവിലുള്ള കൊറിയർ സർവീസ് കമ്പനികൾക്കും കെഎസ്ആർടിസിയുടെ കൊറിയർ സംവിധാനം പ്രയോജനപ്പെടുത്താം.കേരളത്തിനകത്ത് 16 മണിക്കൂറിനകം പാഴ്സലുകൾ എത്തിക്കുമെന്നാണ്​ കോർപ്പറേഷന്റെ വാഗ്​ദാനം. കുറഞ്ഞ നിരക്ക്, വേഗത്തിലുള്ള കൈമാറ്റം എന്നിവയാണ് പ്രത്യേകതയെന്നും ഇവർ പറയുന്നു.ബസുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊറിയർ ബോക്സിലാണ് പാഴ്സൽ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം ​കൊല്ലത്തുനിന്ന്​ ബൈക്ക്​ ​ ബംഗളൂരുവി​ലേക്ക്​ ​ വോൾവോ ബസില്‍ കൊണ്ടുപോയിരുന്നു. വരുമാന വർധനവും വൈവിധ്യവൽക്കരണവും ലക്ഷ്യമാക്കിയാണ് കൊറിയർ സർവീസ് കെഎസ്ആർടിസി ആരംഭിച്ചിരിക്കുന്നത്. 

ബോക്സ്​ നിരക്ക്​ ഇങ്ങനെ

200 കിലോമീറ്റർ പരിധിയിൽ 25 ഗ്രാം പാഴ്സലിന് 30 രൂപയാണ് നിരക്ക്.
50 ഗ്രാം- 35 രൂപ
75 ഗ്രാം- 45 രൂപ
100 ഗ്രാം- 50 രൂപ
250 ഗ്രാം- 55 രൂപ
500 ഗ്രാം- 65 രൂപ
ഒരു കിലോ- 70 രൂപ
(400, 600, 800, 800 കിലോമീറ്ററിന് മുകളിൽ എന്നിങ്ങനെ നിരക്കിൽ വ്യത്യാസമുണ്ടാകും)

Eng­lish Sum­ma­ry: Today at KSRTC depots; Start of par­cel-couri­er ser­vice: Box rate is as follows

You may also like this video

Exit mobile version