സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങളാണ് മലയാളികൾക്ക് ഓണം. ഓണം വാരാഘോഷം കാണാൻ എത്തുന്ന സന്ദർശകരെ കനകക്കുന്നിലെ ഉള്‍പ്പെടെയുള്ള വേദികള്‍ കൂട്ടിക്കൊണ്ടുപോകുന്നത് ആഘോഷത്തിന്റെ പാരമ്യതയിലേക്കാണ്. കനകക്കുന്നില്‍ കാണികളെ ആദ്യം സ്വീകരിക്കുന്നത് വിവിധ വർണങ്ങളിലുള്ള ദീപാലങ്കാര കാഴ്ച്ചകളാണ്. കണ്ണിന് കുളിർമ്മയേകി മര മുത്തശ്ശിമാരിൽ തൂങ്ങിയാടുന്ന പല വർണങ്ങളിലുള്ള പൂമാലകൾ. പുഷ്പ്പങ്ങളാൽ അലങ്കരിച്ച കൂറ്റൻ കണ്ണാടിയിലും സൈക്കിൾ റിക്ഷയിലും മറ്റ് സെൽഫി സ്പോട്ടുകളിലുമായി നല്ല കിടിലൻ ചിത്രങ്ങൾ എടുക്കാൻ സന്ദർശകരുടെ വൻ തിരക്കാണ്. മഴവില്ലഴകിൽ പണിത മതിൽ കൂടാരവും ചിത്രശലഭ പന്തലുകളും ഏവർക്കും കൗതുകം പകരുന്ന കാഴ്ച്ചയാണ്. ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത ഊഞ്ഞാലുകൾ കൂടിയായതോടെ ഓണം കാണാനെത്തുന്ന കുഞ്ഞുങ്ങളും റിയലി ഹാപ്പി. ഓണം വരാഘോഷത്തിന് കഴക്കൂട്ടം മണ്ഡലത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ ഒന്നു വരെ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്റര്‍, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിലെ മൈതാനം, ആക്കുളം വിനോദസഞ്ചാര ഗ്രാമം, വേളി ടൂറിസ്റ്റ് വില്ലേജ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മടവൂർപാറ ഗുഹാക്ഷേത്ര ടൂറിസം സോൺ എന്നിവിടങ്ങളാണ് വേദിയാകുക. നഗരസഭ അംഗങ്ങളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും വ്യാപാര സംഘടന പ്രതിനിധികളുടെയും, സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗങ്ങൾ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന് പുരോഗതി വിലയിരുത്തി. വേളിയില്‍ ഇന്ന് വൈകിട്ടു് മൂന്നിന് കാരുണ്യ കലാസമിതിയുടെ കാക്കാരിശ്ശി നാടകം നടക്കും. അഞ്ചിന് വിഷ്ണുദേവന്റെ നൃത്ത സന്ധ്യ, 6.30 ന് അമൃതവർഷിണി ഓർക്കസ്ട്രയുടെ സംഗീത നിലാവ് എന്നിവ നടക്കും.
ആക്കുളത്ത് ഇന്ന് വൈകിട്ടു് അഞ്ചിന് കിളിയൂർ സദനന്റെ കഥാപ്രസംഗം, 6.30 ന് രാഗമാലികയുടെ ഗാനമേള. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം ഏഴിന് നിഷാദ് ആന്റ് പുഷ്പവതിയുടെ ഗാനമേള, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഇന്ന് വൈകുന്നേരം ഏഴിന് പിന്നണി ഗായകൻ രാജേഷ് വിജയിയുടെ ഗാനമേള എന്നിവ നടക്കും. മടവൂർപാറ ഗുഹാക്ഷേത്രം ടൂറിസം സോണില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് ഡാൻസ് ഫ്യൂഷൻ, ആറിന് ഷൈജു നെല്ലിക്കാടിന്റെ ടാലെന്റ് ഷോ, 7.30 ന് ജയൻ സാംസ്കാരിക കലാവേദിയുടെ ഗാനമേള എന്നിവ നടക്കും. കള്ളിക്കാട് ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന നെയ്യാര്‍ഡാം ടൂറിസം ഓണം വാരാഘോഷത്തില്‍ ഇന്ന് വൈകീട്ട് അഞ്ചിന് തിരുവാതിരകളി മത്സരം (നെയ്യാര്‍ഡാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ആറിന് കരോക്കെ ഗാനമേളയും നൃത്തനൃത്യങ്ങളും, 8.30 ന് സംഗീത നൃത്തസന്ധ്യ എന്നിവ നടക്കും. കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ കെഎഫ്ഡബ്ല്യു ഹെഡ് ഓഫിസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സുരേഷ് ആനന്ദസ്വാമികള്‍ നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് ലിജിന്‍ എല്‍ ആര്‍ അധ്യക്ഷത വഹിച്ചു. കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ലാല്‍ജി സമ്മാന വിതരണം നിര്‍വഹിച്ചു. തിരുമല പ്രവാസി നിവാസി വികസന സഹകരണ സംഘം സായന്തനവുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. വേട്ടമുക്കിലെ സംഘം ആസ്ഥാനത്തു നടന്ന പരിപാടികൾ പാർവതീപുരം പത്മനാഭ അയ്യർ ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി മേയർ ഹാപ്പികുമാർ, തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ, പാങ്ങോട് വാർഡ് കൗൺസിലർ പത്മലേഖ, സംഘം പ്രസിഡന്റ് അഡ്വ. വി കെ ഹരികുമാർ, വൈസ് പ്രസിഡന്റ് ഹരികൃഷ്ണകുമാർ, സെക്രട്ടറി ഹരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.