Site iconSite icon Janayugom Online

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത ഈ പ്രദേശത്ത് അപകടസാധ്യത വർധിച്ച സാഹചര്യത്തിലാണ് നടപടി. ആളുകൾ വനമേഖലയിലൂടെ പ്രവേശിക്കുന്നത് തടയാൻ വഴി മുളകെട്ടി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ മേഖലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്നതാണ് ഈ സ്ഥലത്തിന്റെ പ്രധാന ആകർഷണം. എന്നാൽ, വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചുവേണം ഈ പ്രദേശത്തേക്ക് എത്താൻ. ഇതൊരു അംഗീകൃത ടൂറിസം മേഖല അല്ലാത്തതിനാൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളോ മുൻകരുതലുകളോ ഇവിടെയില്ല. എന്നിട്ടും ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേർന്നിരുന്നത്. കൂടാതെ, ഈ പ്രദേശത്തുള്ള വലിയ താഴ്ചയിലുള്ള കൊക്കയും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് വനംവകുപ്പ് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചത്. 

Exit mobile version